28 June 2024 Friday

ഇരട്ട ഗോളുകളുമായി റൊണാൾഡോയും ടാലിസ്കയും; ജയം തുടർന്ന് അൽ നാസർ

ckmnews


പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ബ്രസീലിയൻ മുന്നേറ്റ താരം ആൻഡേഴ്സൺ ടാലിസ്കയുടെയും മികവിൽ സൗദി ലീഗിൽ അൽ നാസറിന് വിജയം. തരം താഴ്ത്തൽ ഭീഷണിയിലുള്ള അൽ അദാലഹിനെതിരെ അൽ നാസറിന്റെ വിജയം മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക്. അൽ നാസറിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോയും ആൻഡേഴ്സൺ ടാലിസ്കയും ഇരട്ട ഗോളുകൾ നേടി. അഞ്ചാം ഗോൾ നേടിയത് അയ്മൻ അഹമ്മദാണ്. വിജയത്തോടെ ലീഗിൽ ഒന്നാമതുള്ള അൽ ഇത്തിഹാദുമായുള്ള വ്യത്യാസം ഒരു പോയിന്റാക്കി കുറയ്ക്കാൻ ടീമിന് സാധിച്ചു. നിലവിൽ, 22 മത്സരങ്ങളിൽ നിന്നായി 16 ജയവും 4 തോൽവിയും 2 സമനിലയും അടക്കം 52 പോയിന്റുകൾ ടീമിനുണ്ട്

ആദ്യ പകുതി അവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെയാണ് അൽ നാസർ ലീഡ് എടുക്കുന്നത്. അൽ നാസറിന്റെ മുന്നേറ്റ താരം അബ്ദുൾലഹ് അൽ അംറിയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് റൊണാൾഡോ ലീഡ് നേടുകയായിരുന്നു. രണ്ടാം പകുതിയിൽ ബോക്സിനു പുറത്തു നിന്ന് നേടിയ വെടിച്ചില്ല് ഗോളിലൂടെ ടാലിസ്കാ ടീമിന്റെ ലീഡ് ഇരട്ടിയാക്കി. ടാലിസ്കയുടെ അസ്സിസ്റ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ രണ്ടാമത്തെ ഗോളും നേടി. എൺപതു മിനുട്ടുകളിലേക്ക് കടന്നപ്പോഴാണ് മത്സരത്തിലെ നാലാമത്തെ ഗോൾ പിറക്കുന്നത്. അയ്‌മൻ അഹമ്മദിൽ നിന്ന് ലഭിച്ച ത്രൂ ബോൾ ടാലിസ്കാ ലക്ഷ്യത്തിൽ എത്തിച്ചു. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ അയ്മൻ അഹമ്മദാണ് മത്സരത്തിലെ അവസാന ഗോൾ നേടുന്നത്.

അൽ ഫെഇദക്ക് എതിരെയാണ് അൽ നാസറിന്റെ അടുത്ത മത്സരം. കഴിഞ്ഞ ഏഴ് മത്സരങ്ങളിലും അൽ നാസർ അൽ ഫെഇദയോട് തോൽവി നേരിട്ടിട്ടില്ല. ലീഗ് അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ഓരോ മത്സരവും അൽ നാസറിന് നിർണായകമാണ്.