28 June 2024 Friday

ഐപിഎല്ലിൽ ഗുജറാത്ത് ഇന്ന് ഡൽഹിയെ നേരിടും

ckmnews


ഐപിഎൽ 2023 ലെ ഏഴാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ആദ്യ മത്സരത്തിൽ ചെന്നൈയെ പരാജയപ്പെടുത്തിയാണ് ഹാർദിക് പാണ്ഡ്യയുടെ ടീം സീസൺ ആരംഭിച്ചത്. ലഖ്‌നൗവിനോടേറ്റ തോൽവിയുടെ ക്ഷീണത്തിലാണ് ഡൽഹി ക്യാപിറ്റൽസ്. അതേസമയം കളി കാണാൻ ഋഷഭ് പന്ത് എത്തിയേക്കുമെന്ന് റിപ്പോർട്ട്.

ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് മത്സരം. ഋഷഭ് പന്തിന്റെ അഭാവത്തിൽ വാർണറുടെ ക്യാപ്റ്റൻസിയിൽ ഡൽഹിക്ക് ആദ്യ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ലഖ്‌നൗ ഏകാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പർ ജയന്റ്‌സിനെതിരെ 50 റൺസിന്റെ നാണംകെട്ട തോൽവിയാണ് ഡൽഹി ഏറ്റുവാങ്ങിയത്. ഡേവിഡ് വാർണറെ കൂടാതെ മറ്റൊരു ഡൽഹി ബാറ്റ്‌സ്മാനും മത്സരത്തിൽ തിളങ്ങാനായില്ല.


എന്നാൽ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെ സ്വന്തം തട്ടകത്തിൽ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കാനാണ് ഡൽഹി ക്യാപിറ്റൽസിന്റെ ശ്രമം. വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് പ്രകാരം ടീമിന്റെ ആദ്യ ഹോം മത്സരം കാണാൻ പന്ത് അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ എത്തിയേക്കും. ഫ്രാഞ്ചൈസിക്ക് ബിസിസിഐയുടെ ആന്റി കറപ്ഷൻ ആൻഡ് സെക്യൂരിറ്റി യൂണിറ്റിൽ നിന്ന് അനുമതി നേടാനാകുമെങ്കിൽ അദ്ദേഹം ഡഗൗട്ടിൽ ഉണ്ടാകും.


അതേസമയം ആദ്യ മത്സരത്തിൽ ജയിച്ചെങ്കിലും ഗുജറാത്തിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ബൗണ്ടറിയിൽ ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ കെയ്ൻ വില്യംസന്റെ വലത് കാൽമുട്ടിന് പരിക്കേറ്റിരുന്നു. പരിക്ക് മൂലം വില്യംസൺ ടൂർണമെന്റിൽ നിന്ന് പുറത്താവുകയും ചെയ്തു. ഈ സാഹചര്യത്തിൽ ടീമിൽ മാറ്റമുണ്ടാകുമെന്ന് ഉറപ്പാണ്.