28 June 2024 Friday

മാര്‍ക്ക് വുഡിന് അഞ്ച് വിക്കറ്റ്! വാര്‍ണറിന്റേയും സംഘത്തിന്റേയും തുടക്കം തോല്‍വിയോടെ; ലഖ്നൗവിന് ജയം

ckmnews



ലഖ്‌നൗ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിന് 50 റണ്‍സിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്. 38 പന്തില്‍ 73 റണ്‍സ് നേടിയ കെയ്ല്‍ മയേഴ്‌സാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിയുടെ പോരാട്ടം ഒമ്പതിന് 143 എന്ന നിലയില്‍ അവസാനിച്ചു. 48 പന്തില്‍ 56 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ടോപ് സ്‌കോറര്‍. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത മാര്‍ക്ക് വുഡാണ് ഡല്‍ഹിയെ തകര്‍ത്തത്. 


മികച്ച തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചിരുന്നത്. ഒരു ഘട്ടത്തില്‍ വിക്കറ്റിന് നഷ്ടമില്ലാതെ 41 റണ്‍സെടുത്തിരുന്നു. എന്നാല്‍ മാര്‍ക്ക് വുഡിന്റെ രണ്ട് പന്തുകള്‍ കാര്യങ്ങള്‍ മാറ്റിമറിച്ചു. അഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ പൃഥ്വി ഷായെ ബൗള്‍ഡാക്കിയ വുഡ് തൊട്ടടുത്ത പന്തില്‍ അപകടകാരിയായ മിച്ചല്‍ മാര്‍ഷിനെ (0) ബൗള്‍ഡാക്കി. സര്‍ഫറാസ് ഖാന്റെ (4) വിധിയെഴുതിയതും വുഡ് തന്നെ. ഫൈന്‍ ലെഗ്ഗില്‍ കൃഷ്ണപ്പ ഗൗതമിന്റെ കൈകളിലേക്ക് അയക്കുകയായിരുന്നു വുഡ്. തുടര്‍ന്നെത്തിയത് റിലീ റൂസ്സോ (20 പന്തില്‍ 30). വാര്‍ണര്‍- റൂസ്സോ സഖ്യം ക്രീസില്‍ നിന്നപ്പോള്‍ ടീമിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ റൂസ്സോയെ പുറത്താക്കി രവി ബിഷ്‌ണോയ് ആ പ്രതീക്ഷയും കെടുത്തി. റോവന്‍മാന്‍ പവല്‍ (1), അമന്‍ ഹക്കീം ഖാന്‍ (4) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞതുമില്ല. വുഡിന് പുറമെ ആവേഷ് ഖാന്‍, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.