28 June 2024 Friday

മഴവില്ലഴകുള്ള ഫ്രീകിക്ക്, 800 ഗോള്‍ തികച്ച് മെസി; വിജയത്തേരില്‍ അര്‍ജന്‍റീന

ckmnews


ബ്യൂണസ് അയേഴ്‌സ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ശേഷം കരിയറില്‍ 800 ഗോളുകള്‍ തികയ്ക്കുന്ന സമകാലിക ഫുട്ബോളറായി അര്‍ജന്‍റീനയുടെ മിശിഹാ ലിയോണല്‍ മെസി. സൗഹൃദ മത്സരത്തില്‍ പാനമയ്ക്കെതിരെ ഗോള്‍ നേടിയാണ് മെസി റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. ഖത്തര്‍ ലോകകപ്പ് വിജയത്തിന് ശേഷം അര്‍ജന്‍റീന ആദ്യമായി കളത്തിലിറങ്ങിയ മത്സരത്തില്‍ നീലപ്പട എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പാനമയെ തോല്‍പിച്ചു. തിയാഗോ അല്‍മാഡയായിരുന്നു മറ്റൊരു ഗോള്‍ സ്കോറര്‍.

റെക്കോര്‍ഡ് ബുക്കില്‍ പടവെട്ടി പോരടിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലിയോണല്‍ മെസിയും മറ്റൊരു ഐതിഹാസിക പട്ടികയില്‍ കൂടി. കരിയറില്‍ 800 ഗോളുകള്‍ തികയ്ക്കുന്ന മൂന്നാം താരമെന്ന നേട്ടമാണ് പാനമയ്ക്കെതിരായ ഗോളോടെ മെസി സ്വന്തം കാല്‍ക്കീഴിലാക്കിയത്. 828 ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും 805 ഗോളുമായി ജോസഫ് ബിക്കനും മാത്രമാണ് മെസിക്ക് മുന്നിലുള്ളത്. പാനമയ്ക്കെതിരെ 78-ാം മിനുറ്റില്‍ തിയാഗോ അല്‍മാഡ ഗോള്‍പട്ടിക തുറന്നു. 89-ാം മിനുറ്റില്‍ ലിയോണല്‍ മെസി അര്‍ജന്‍റീനയ്ക്ക് രണ്ട് ഗോള്‍ ലീഡ് സമ്മാനിച്ചപ്പോള്‍ തന്‍റെ കരിയറിലെ 800 ഗോളെന്ന സ്വപ്‌ന നേട്ടം പേരിലായി. ബോക്‌സിന് പുറത്തുനിന്നുള്ള അത്യുഗ്രന്‍ മഴവില്‍ ഫ്രീകിക്ക് ഗോളിലൂടെയായിരുന്നു മെസിയുടെ വലകുലുക്കല്‍.

എന്നാല്‍ അര്‍ജന്‍റീനയുടെ എക്കാലത്തേയും ഗോള്‍സ്‌കോററായ മെസിക്ക് ആൽബിസെലസ്റ്റെ കുപ്പായത്തില്‍ 100 ഗോളുകള്‍ എന്ന നേട്ടത്തിലേക്ക് ഇനിയും കാത്തിരിക്കണം. പാനമയ്ക്കെതിരെ ഇറങ്ങുമ്പോള്‍ 98 ഗോളുകളുണ്ടായിരുന്ന മെസിയുടെ നേട്ടം 99ലെത്തി. പാനമയ്ക്കെതിരെ ഇരട്ട ഗോൾ നേടിയാൽ അന്താരാഷ്‍ട്ര കരിയറിൽ 100 ഗോളിലെത്തുന്ന മൂന്നാമത്തെ താരമാകുമായിരുന്നു മെസി. 109 ഗോളുമായി അലി ദേയിയും 120 ഗോളുകളുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയും മാത്രമാണ് മെസിക്ക് മുന്നില്‍.