28 June 2024 Friday

ഐഎസ്എല്‍ ആദ്യ സെമി; ഛേത്രിയുടെ വിവാദ ഗോളില്‍ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയ ബെംഗളൂരു ഇന്ന് മുംബൈക്കെതിരെ

ckmnews


മുംബൈ: ഐഎസ്എല്‍ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ സെമിയുടെ ഒന്നാം പാദത്തിൽ ലീഗ് കപ്പ് വിന്നേഴ്സായ മുംബൈ സിറ്റി എഫ് സി ബെംഗളൂരു എഫ് സിയെ നേരിടും. മുംബൈയിൽ രാത്രി 7.30നാണ് മത്സരം. കേരള ബ്ലാസ്റ്റേഴ്സിന് എതിരായ സുനിൽ ഛേത്രിയുടെ വിവാദഗോളിന്‍റെ അലയൊലികൾ കെട്ടടങ്ങും മുൻപാണ് ബെംഗളൂരു എഫ് സി ആദ്യപാദ സെമിഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്നത്.


ബെംഗളൂരുവിൽ നടന്ന പ്ലേഓഫിലായിരുന്നു ഛേത്രിയുടെ വിവാദഗോൾ. ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിരോധ മതിൽതീർക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിമായാണ് ഛേത്രി കിക്കെടുത്തത്. ഗോളിനെതിരെ ബ്ലാസ്റ്റേഴ്സ് പ്രതിഷേധിച്ചെങ്കിലും റഫറി ഗോളിൽ ഉറച്ച് നിന്നു. ഇതോടെ കോച്ച് ഇവാൻ വുകോമനോവിച്ച് താരങ്ങളെ പിൻവലിക്കുകയായിരുന്നു. മത്സരസമയം പൂർത്തിയായപ്പോൾ റഫറി ബെംഗളൂരുവിനെ ജേതാക്കളായി പ്രഖ്യാപിച്ചു.

ലീഗ് ചാമ്പ്യൻമാരായാണ് മുംബൈ സെമയിലേക്ക് നേരിട്ട് മുന്നേറിയത്. സീസണിൽ രണ്ടുകളിയിൽ മാത്രം തോറ്റ മുംബൈ 54 ഗോൾ നേടിയപ്പോൾ 21 ഗോൾ മാത്രമാണ് വഴങ്ങിയത്. ഹോർജെ പെരേര ഡിയാസ്, ബിപിൻ സിംഗ്, ലാലിയൻസുവാല ചാംഗ്തേ, ഗ്രെഗ് സ്റ്റുവർട്ട്, അഹമ്മദ് ജാഹു എന്നിവരുടെ മികവിലാണ് മുംബൈയുടെ മുന്നേറ്റം. എന്നാല്‍ ലീഗ് റൗണ്ടിലെ അവസാന രണ്ട് മത്സരങ്ങളില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്‍റെ ക്ഷീണം മുംബൈക്കുണ്ട്. ഒടുവിൽ ഏറ്റുമുട്ടിയപ്പോൾ മുംബൈയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചതിന്‍റെ ആത്മവിശ്വാസം ബെംഗളൂരുവിനുമുണ്ട്.

അവസാന ഒൻപത് കളിയിലും ജയിക്കാനായതും ബെംഗളൂരുവിന് പ്രതീക്ഷ നൽകുന്നു. റോയ് കൃഷ്ണ, യാവി ഹെർണാണ്ടസ്, സുനിൽ ഛേത്രി എന്നിവരുടെ മികവാകും ബിഎഫ്‌സിക്ക് കരുത്താകുക. ഇരുടീമും 12 കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. മുംബൈ ആറിലും ബെംഗളൂരു അഞ്ചിലും ജയിച്ചു. ഒറ്റകളി മാത്രമേ നേർക്കുനേർ പോരിൽ സമനിലയിൽ അവസാനിച്ചിട്ടുള്ളൂ. ഞായറാഴ്ച ബെംഗളൂരുവിലാണ് രണ്ടാംപാദ സെമി.