28 June 2024 Friday

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരാട്ടം കനക്കുന്നു; മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും ഇന്നിറങ്ങും

ckmnews

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിനായി ഇഞ്ചോടിഞ്ച് പൊരുതുന്ന ആഴ്‌സണലും മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്ന് വീണ്ടും കളിക്കളത്തില്‍. കിരീടം വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ് ആഴ്‌സണല്‍. മാഞ്ചസ്റ്റര്‍ സിറ്റി നിലനിര്‍ത്താനും. 23 കളിയില്‍ 54 പോയിന്റുമായി ആഴ്‌സണല്‍ ഒന്നാം സ്ഥാനത്ത്. 24 കളിയില്‍ 52 പോയിന്റുള്ള സിറ്റി തൊട്ടുപിന്നില്‍. ഇനിയുള്ള ജയപരാജയങ്ങളും സമനിലയുമെല്ലാം കിരീടവഴിയില്‍ അതിനിര്‍ണായകം.

രാത്രി എട്ടരയ്ക്ക് തുടങ്ങുന്ന കളിയില്‍ ലെസ്റ്റര്‍ സിറ്റിയാണ് ആഴ്‌സണലിന്റെ എതിരാളികള്‍. ലെസ്റ്ററിന്റെ മൈതാനത്താണ് മത്സരം. ആസ്റ്റണ്‍വില്ലയ്‌ക്കെതിരെ അവസാനമിനുറ്റികളില്‍ നേടിയ ഗോളുകളിലൂടെ വിജയവഴിയില്‍ തിരിച്ചെത്തിയ ആശ്വാസത്തിലാണ് ആഴ്‌സണല്‍. രാത്രി പതിനൊന്നിന് തുടങ്ങുന്ന കളിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ബോണ്‍മൗത്താണ് എതിരാളികള്‍. ബോണ്‍മൗത്തിന്റെ ഹോംഗ്രൗണ്ടിലാണ് മത്സരം. ആഴ്‌സണലിനെക്കാള്‍ ഒരുമത്സരം കൂടുതല്‍ കളിച്ചതിനാല്‍ മികച്ച മാര്‍ജിനിലുള്ള വിജയമാണ് സിറ്റിയുടെ ലക്ഷ്യം.

എര്‍ലിംഗ് ഹാലന്‍ഡും ജാക്ക് ഗ്രീലിഷും ഫില്‍ ഫോഡനും റിയാദ് മെഹറസുമെല്ലാം ഫോമിലേക്കെത്തിയാല്‍ ഗാര്‍ഡിയോളയ്ക്ക് ഗോളിനെക്കുറിച്ച് ആശങ്കയുണ്ടാവില്ല. മറ്റ് മത്സരങ്ങളില്‍ എവര്‍ട്ടന്‍, ആസ്റ്റന്‍വില്ലയെയും വെസ്റ്റ്ഹാം, നോട്ടിംഗ്ഹാം ഫോറസ്റ്റിനെയും സതാംപ്ടണ്‍, ലീഡ്‌സ് യുണൈറ്റഡിനെയും നേരിടും. ഹാട്രിക് ജയം ലക്ഷ്യമിട്ട് ലിവര്‍പൂളും ഇന്നിറങ്ങും. ക്രിസ്റ്റല്‍പാലസാണ് എവേ മത്സരത്തില്‍ ലിവര്‍പൂളിന്റെ എതിരാളികള്‍.

രാത്രി ഒന്നേകാലിനാണ് മത്സരം. ഇനിയുള്ള ഓരോ മത്സരവും ചാംപ്യന്‍സ് ലീഗ് യോഗ്യതാമത്സരമെന്ന നിലയിലാണ് ടീം കാണുന്നതെന്ന് പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ് പറഞ്ഞു. 35 പോയിന്റുമായി എട്ടാം സ്ഥാനത്താണ് നിലവില്‍ ലിവര്‍പൂള്‍.

ലാ ലിഗയില്‍ ഇന്ന് മാഡ്രിഡ് ഡാര്‍ബി


മാഡ്രിഡ്: ലാ ലീഗയില്‍ ഇന്ന് മാഡ്രിഡ് ഡാര്‍ബി. റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരം. കളിതുടങ്ങുക രാത്രി 11നാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ചാംപ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെ തകര്‍ത്തെത്തുന്ന റയല്‍ 22 കളിയില്‍ 51 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. 59 പോയിന്റുമായി ഒന്നാമതുള്ള ബാഴ്‌സലോണയുമായുള്ള അകലം കുറയ്ക്കാന്‍ റയലിന് ജയം അനിവാര്യം. 41 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് നാലാം സ്ഥാനത്താണ്.