28 June 2024 Friday

രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് റാമോസ്

ckmnews

സ്പാനിഷ് ദേശിയ ഫുട്ബോൾ ടീമിന് വേണ്ടി ഇനി സെർജിയോ റാമോസ് ബൂട്ട് അണിയില്ല. ഏറ്റവും കൂടുതൽ മത്സരങ്ങളിൽ രാജ്യത്തിനായി പ്രതിരോധക്കോട്ട കെട്ടിയ താരം സ്പെയിനിന്റെ ചുവപ്പ് ജേഴ്‌സി അഴിച്ചു വെക്കുന്നതിലൂടെ അവസാനിപ്പിക്കുന്നത് ഇതിഹാസതുല്യമായ ഒരു കരിയറാണ്. സ്പെയിനിനു വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ നിരയിൽ ഒമ്പതാമനാണ് ഈ പ്രതിരോധ ഭടൻ. സ്പെയിനിനായി ഏറ്റവും അധികം വിജയങ്ങളിൽ പങ്കാളിയായിരുന്നു ഈ മുപ്പത്തിയാറുകാരൻ

2022 ഫിഫ ലോകകപ്പിൽ നോക്ക്ഔട്ട് റൗണ്ടിൽ മൊറോക്കോയോട് പരാജയപ്പെട്ട് പുറത്തായ സ്പെയിൻ ടീമിൽ നിന്ന് പരിശീലകനായിരുന്ന ലൂയിസ് എൻറിക്വേ പടിയിറങ്ങിയിരുന്നു. തുടർന്ന് അണ്ടർ 21 ടീമിന്റെ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂൻറെ സീനിയർ ടീമിന്റെ മുഖ്യപരിശീലകനായി സ്ഥാനമേറ്റു. അദ്ദേഹവുമായി ഭാവിയെ നടത്തിയ ചർച്ചക്ക് ശേഷമാണ് സെർജിയോ റാമോസ് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. എന്റെ കഴിവിന്റെ പരിധി എന്തെന്നും ഫുട്ബോൾ കരിയർ എങ്ങനെ കൊണ്ട് പോകുന്നു എന്നും കണക്കിലെടുക്കാതെയാണ് ഭാവിയിലെ പദ്ധതികളിൽ എന്നെ ഉൾപെടുത്തുന്നില്ല എന്ന വിവരം പരിശീലകൻ പറഞ്ഞതെന്ന് റാമോസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ച വിരമിക്കൽ മത്സരത്തിൽ വ്യക്തമാക്കി.

2005 ലാണ് താരം ആദ്യമായി സ്പെയിനിനു വേണ്ടി ബൂട്ട് കെട്ടുന്നത്. രാജ്യത്തിന് വേണ്ടി 2010 ലോകകപ്പ് നേടിയ താരം 2008ലെയും 2012 ലെയും യൂറോ കപ്പും നേടിയിട്ടുണ്ട്. നിലവിൽ ഫ്രഞ്ച് ക്ലബ് പാരീസ് സൈന്റ്റ് ജർമയ്‌നിന്റെ താരമാണ് റാമോസ്.