28 June 2024 Friday

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ ലിവർപൂളിനെ തകർത്ത് റയൽ മാഡ്രിഡ്

ckmnews

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ ലിവർപൂളിനെ തകർത്ത് റയൽ മാഡ്രിഡ്. രണ്ടിനെതിരെ അഞ്ച് ഗോളിനാണ് റയലിൻ്റെ വിജയം. വിനീഷ്യസ് ജൂനിയറും കരീം ബെൻസേമയും ഇരട്ട ഗോളുകൾ നേടിയപ്പോൾ എഡർ മിലിറ്റാവോ ആണ് റയലിൻ്റെ അഞ്ചാം ഗോൾ നേടിയത്. ഡാർവിൻ ന്യൂനസ്, മുഹമ്മദ് സല എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ കണ്ടെത്തിയത്. 2-0 എന്ന നിലയിൽ പിന്നിൽ നിന്നതിനു ശേഷമാണ് റയൽ ജയം പിടിച്ചെടുത്തത്

സ്വന്തം തട്ടകമായ ആൻഫീൽഡിൽ കളി തുടങ്ങി നാലാം മിനിട്ടിൽ തന്നെ ലിവർപൂൾ മുന്നിലെത്തി. സമയുടെ അസിസ്റ്റിൽ നിന്ന് ന്യൂനസ് അക്കൗണ്ട് തുറന്നു. 10 മിനിട്ടുകൾക്ക് ശേഷം ലിവർപൂൾ ലീഡ് ഇരട്ടിയാക്കി. ഇത്തവണ സല ആണ് സ്കോർ ചെയ്തത്. എന്നാൽ, ഈ മുൻതൂക്കം നീണ്ടുനിന്നില്ല. വിനീഷ്യസ് ജൂനിയർ നിയന്ത്രിച്ച റയൽ അറ്റാക്ക് 21ആം മിനിട്ടിൽ ലിവർപൂൾ പ്രതിരോധത്തെ ആദ്യമായി മറികടന്നു. 36ആം മിനിട്ടിൽ തൻ്റെ രണ്ടാം ഗോളോടെ വിനി റയലിനു സമനില സമ്മാനിച്ചു. ആദ്യ പകുതി അവസാനിക്കുമ്പോൾ കളി 2-2.

രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിട്ടിൽ തന്നെ റയൽ ലീഡെടുത്തു. ലൂക്ക മോഡ്രിച് എടുത്ത ഒരു ഫ്രീ കിക്കിൽ തലവച്ച് എഡർ മിലിറ്റാവോയാണ് റയലിനെ കളിയിൽ ആദ്യമായി മുന്നിലെത്തിച്ചത്. 55ആം മിനിട്ടിൽ ബെൻസേമയുടെ ആദ്യ ഗോൾ. 67ആം മിനിട്ടിൽ ഗോൾ കീപ്പറെയും ഡിഫൻഡർമാരെയും കബളിപ്പിച്ച് ബെൻസേമ തൻ്റെ രണ്ടാം ഗോൾ കൂടി നേടിയതോടെ റയലിൻ്റെ ജയം പൂർണം.