28 June 2024 Friday

ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം; ലിവർപൂൾ റയൽ മാഡ്രിഡിനെതിരെ

ckmnews

ചാമ്പ്യൻസ് ലീഗ് നോക്കോട്ട് റൗണ്ടിൽ ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂൾ എഫ്‌സി നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിനെ നേരിടും. ലിവർപൂളിന്റെ ഹോം മൈതാനമായ ആൻഫീൽഡിൽ ഇന്ന് രാത്രി 1:30 നാണ് മത്സരം. 2018 ചാമ്പ്യൻസ് ലീഗിൽ ആവേശകരമായ മത്സരത്തിൽ ലിവർപൂളിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ് കിരീടം ഉയർത്തിയിരുന്നു. വിവാദങ്ങൾ നിറഞ്ഞ ആ മത്സരത്തിന് ശേഷം ഇരു ടീമുകളും ഏറ്റുമുട്ടുന്നത് ആവേശത്തോടെയാണ് ഫുട്ബോൾ ലോകം നോക്കികാണുന്നത്. ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ ജർമൻ ക്ലബ് എയ്ൻട്രാക്‌ട് ഫ്രാങ്ക്ഫർട് ഇറ്റാലിയൻ ക്ലബ് നാപോളിയെ നേരിടും.


സ്പാനിഷ് ലീഗ് – കപ്പ് ടൂർണമെന്റുകളിലെ കഴിഞ്ഞ പത്ത് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് റയൽ മാഡ്രിഡ് തോൽവി വഴങ്ങിയത്. ഈ മാസം തുടക്കത്തിൽ സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിനെ തോൽപ്പിച്ച് ക്ലബ് ലോകകപ്പ് നേടിയ റയൽ മാഡ്രിഡ് കടുത്ത ആത്മവിശ്വാസത്തിലാണ്. ലിവർപൂളിനെതിരെയുള്ള കഴിഞ്ഞ ആറ് മത്സരങ്ങളിലുംറയൽ മാഡ്രിഡ് തോൽവി അറിഞ്ഞിട്ടില്ല. ഒറേലിയാൻ ച്യുവമേനി, ടോണി ക്രൂസ് എന്നിവർ ഇന്നത്തെ മത്സരം കളിക്കില്ല. കഴിഞ്ഞ മത്സരത്തിൽ പുറത്തുന്തിയ കരിം ബെൻസിമ ഇന്ന് കളിയ്ക്കാൻ സാധ്യതയുണ്ട്.മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായി മോശം ഫോമിലൂടെയാണ് ലിവർപൂൾ കടന്നു പോകുന്നത്. കഴിഞ്ഞ പത്ത് മത്സരങ്ങളിൽ നാലെണ്ണത്തിൽ മാത്രമേ ടീമിന് ജയിക്കാൻ സാധിച്ചിട്ടുള്ളു. പ്രീമിയർ ലീഗിൽ നിലവിൽ 22 മത്സരങ്ങളിൽ നിന്ന് 10 വിജയങ്ങൾ മാത്രം നേടി 35 പോയിന്റുകളോടെ എട്ടാം സ്ഥാനത്താണ് ലിവർപൂൾ. കഴിഞ്ഞ മത്സരത്തിൽ ലീഗിന്റെ ആദ്യ നാലിൽ സ്ഥാനം പിടിച്ച ന്യൂ കാസ്റ്റിൽ യുണൈറ്റഡിനെ തോൽപ്പിക്കൻ സാധിച്ചത് ടീമിന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. സ്വന്തം മൈതാനത്തിൽ നടന്ന കഴിഞ്ഞ അഞ്ച് മത്സരങ്ങളില് ലിവർപൂൾ വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. തിയാഗോ, ലൂയിസ് ഡയസ്, ഇബ്രാഹിമ കൊനാട്ടെ, കാൽവിൻ റംസി എന്നിവർ പരിക്കിൽ നിന്ന് മോചിതനായിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ഡാർവിൻ നുണസും ഇന്നത്തെ മത്സരം കളിയ്ക്കാൻ സാധ്യതയില്ല.