28 June 2024 Friday

അഞ്ച് ഗോളിന്റെ കടം വീട്ടാന്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് എ ടി കെ ക്കെതിരെ

ckmnews

കൊല്‍ക്കത്ത: ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് അവസാന എവേ മത്സരം. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ എടികെ ബഗാനെ നേരിടും. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടുകളി ശേഷിക്കേ തുടര്‍ച്ചയായ രണ്ടാം സീസണിലും പ്ലേ ഓഫുറപ്പിച്ച ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സമ്മര്‍ദങ്ങളൊന്നുമില്ലാതെ ഇറങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ളത് രണ്ടുലക്ഷ്യം. ജയത്തോടെ മൂന്നാം സ്ഥാനം നിലനിര്‍ത്തി എലിമിനേറ്റര്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കണം. കൊച്ചിയിലെ വമ്പന്‍ തോല്‍വിക്ക് കൊല്‍ക്കത്തയില്‍ പകരം വീട്ടണം.


പ്ലേ ഓഫിന് യോഗ്യത നേടിയെങ്കിലും അലസതയോടെ കളിക്കില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് വ്യക്തമാക്കി. കോച്ചിന്റെ വാക്കുകള്‍... ''പ്ലേ ഓഫ് ഉറപ്പിച്ചു. സമ്മര്‍ദങ്ങള്‍ ഒന്നുമില്ല. ഇക്കാര്യം കേരള ബ്ലാസ്റ്റ്‌ഴ്‌സിനെ അലസരാക്കില്ലെന്ന ഉറപ്പ് ഞാന്‍ തരാം. സസ്‌പെന്‍ഷനിലായ അഡ്രിയന്‍ ലൂണയുടെ അഭാവം തിരിച്ചടിയാവില്ല. ടീമില്‍ മാറ്റമുറപ്പ്. മാര്‍കോ ലെസ്‌കോവിച്ച് ഉള്‍പ്പടെ എല്ലാവരും മത്സരത്തിന് സജ്ജരാണ്.'' എടികെ മോഹന്‍ ബഗാന്‍ ശക്തരായ എതിരാളികളാണെന്നും വുകോമനോവിച്ച് കൂട്ടിചേര്‍ത്തു.

നേരത്തെ, സ്വന്തം തട്ടകത്തില്‍ പോരിനിറങ്ങിയപ്പോള്‍ എടികെ ബഗാന്‍ രണ്ടിനെതിരെ അഞ്ച് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സിനെ നാണംകെടുത്തിയത്. അവസാന നാല് എവേ മത്സരത്തിലും തോല്‍വി നേരിട്ട ബ്ലാസ്റ്റേഴ്‌സ് അഡ്രിയന്‍ ലൂണ ഇല്ലാതെയാവും ഇറങ്ങുക. നാല് മഞ്ഞക്കാര്‍ഡ് കിട്ടിയതോടെയാണ് ലൂണ വിലക്ക് നേരിട്ടത്. പരിക്കില്‍ നിന്ന് മുക്തനായ മാര്‍കോ ലെസ്‌കോവിച്ച് ടീമില്‍ തിരിച്ചെത്തുമ്പോള്‍ പ്രതിരോധനിരയിലെ പാളിച്ചകള്‍ക്ക് ഒരുപരിഘധിവരെ പരിഹാരമാവും.

അവസാന മൂന്ന് കളിയില്‍ രണ്ടിലും തോറ്റ എടികെയ്ക്ക് പ്ലേ ഓഫുറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ ജയം അനിവാര്യമാണ്. ഇരുടീമും പതിനാല് കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. എടികെ ബഗാന്‍ അഞ്ചിലും ബ്ലാസ്റ്റേഴ്‌സ് നാലിലും ജയിച്ചു. എടികെ പതിനഞ്ചും ബ്ലാസ്റ്റേഴ്‌സ് പതിനാറും ഗോളാണ് ആകെ നേടിയത്.