28 June 2024 Friday

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ആഴ്‌സണൽ – മാഞ്ചെസ്റ്റർ സിറ്റി പോരാട്ടം

ckmnews

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ആവേശപ്പോരാട്ടം. ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണൽ, രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ തോൽവിയും ഒരെണ്ണത്തിൽ സമനിലയുമാണ് ആഴ്‌സണലിന് നേരിടേണ്ടി വന്നത്. അതിൽ തന്നെ ഒരെണ്ണം മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ എഫ്എ കപ്പിലെ തോൽവിയാണ്. ഫെബ്രുവരി 5ന് ടോട്ടൻഹാമിനോട് തോറ്റ മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ മത്സരത്തിൽ ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തിയ ശേഷമാണ് ഇന്ന് കളിക്കളത്തിൽ ഇറങ്ങുന്നത്. ഇന്ന് രാത്രി ഒരു മണിക്കാണ് മത്സരം

പ്രീമിയർ ലീഗിലെ പോയിന്റ് ടേബിളിൽ 21 മത്സരങ്ങളിൽ നിന്ന് 51 പോയിന്റുകൾ ആഴ്‌സണലിന് ഉണ്ട്. സിറ്റിക്ക് ആകട്ടെ 22 മത്സരങ്ങളിൽ നിന്ന് 48 പോയിന്റുകളും. ലീഗ് കിരീടം നിലനിർത്താൻ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് ഇന്നത്തെ മത്സരം അനിവാര്യമാണ്. കൂടാതെ, തൊട്ട് പുറകിൽ അയൽക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് തുടർച്ചയായി മത്സരങ്ങൾ ജയിക്കുന്നതും സിറ്റിയ്ക്ക് ഭീഷണിയാണ്. പ്രതിരോധ താരം ജോൺ സ്റ്റോൺസ് പരുക്കേറ്റ് പുറത്താണ്. കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ സൂപ്പർ സ്‌ട്രൈക്കർ എറിങ് ഹാലാൻഡ്‌ ഇന്ന് കളിക്കുന്നതിൽ സംശയങ്ങളുണ്ട്

മൈക്കൽ ആർട്ടേറ്റ എന്ന സ്പാനിഷ് പരിശീലകനിൽ ആഴ്‌സണൽ കാത്തു വെച്ച വിശ്വാസത്തിന്റെ ബാക്കി പത്രമാണ് ടീമിന്റെ ലീഗിലെ മുന്നേറ്റം. പ്രീമിയർ ലീഗ് കിരീടത്തിൽ കുറഞ്ഞതൊന്നും അവർ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ മത്സരങ്ങളിൽ പ്രകടനം മോശമായെങ്കിലും ലീഗിൽ ഒന്നാം സ്ഥാനം നില നിർത്താൻ സാധിച്ചത് അവർക്ക് ആശ്വാസമേകുന്നുണ്ട്. ഗബ്രിയേൽ ജീസസ്, മുഹമ്മദ് എൽനേനി, എമ്മിൽ സ്മിത്ത് റോ, റെയ്‌സ് നെൽസൺ എന്നിവർ ഇപ്പോഴും പരുക്കിന്റെ പിടിയിലാണ്.