28 June 2024 Friday

ചാമ്പ്യൻസ് ലീഗ്: പിഎസ്ജിയെ ഞെട്ടിച്ച് ബയേൺ മ്യൂണിക്ക്, ടോട്ടൻഹാമിനെതിരെ മിലാന് വിജയം

ckmnews

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ജർമൻ ക്ലബ് ബയേൺ മ്യൂണിക്കിനും ഇറ്റാലിയൻ ക്ലബ് എസി മിലാനും വിജയം. ഫ്രഞ്ച് ക്ലബ് പിഎസ്ജിക്ക് എതിരെ ബയേൺ മ്യൂണിക്കിന്റെയും ഇംഗ്ലീഷ് ക്ലബ് ടോട്ടൻഹാം ഹോട്സ്പറിനു എതിരെ എസി മിലാന്റെയും വിജയം എതിരില്ലാത്ത ഒരു ഗോളിന്. ഫ്രഞ്ച് വിങ്ങറായ കിങ്‌സ്‌ലി കോമനാണ് ബയേൺ മ്യുണിക്കാനായി വിജയ ഗോൾ നേടിയത്. റിയൽ മാഡ്രിഡിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ കളിക്കുന്ന ബ്രാഹിം ഡയസാണ് എസി മിലാനിന്റെ വിജയശില്പി

പരുക്കിന്റെ പിടിയിലായിരുന്ന ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും പിഎസ്ജിക്കായി ബൂട്ട് കെട്ടിയ മത്സരത്തിൽ ബയേൺ മ്യുണിക്കിനോട് പരാജയമേറ്റുവാങ്ങിയത് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ കിലിയൻ എംബപ്പേ രണ്ടു തവണ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ മെസ്സിയും എംബപ്പേയും നെയ്മറും സെർജിയോ റാമോസും അടക്കമുള്ളവർ കളിക്കളത്തിൽ ഇറങ്ങിയ മത്സരത്തിലേറ്റ തോൽവി ടീമിന്റെ പ്രകടനത്തെ പറ്റി പുനർചിന്തനം നടത്താൻ മാനേജ്മെന്റിനെ പ്രേരിപ്പിക്കേണ്ടതാണ്. ശക്തമായൊരു ടീം ഉണ്ടായിട്ടും മികവാർന്ന പ്രകടം കാഴ്ചവെക്കുന്നതിൽ പാരീസ് ക്ലബ് പരാജയപ്പെടുന്നത് ആദ്യമായല്ല എന്നത് വിഷയത്തിന്റെ ഗൗരവം ഉയർത്തുന്നു. പിഎസ്ജിയുടെ ഹോം മൈതാനത്തിൽ വിജയം നേടിയത് ബയേൺ മ്യൂണിക്കിന് മുൻ‌തൂക്കം നൽകുന്നു.

ഇന്ന് പുലർച്ചെ നടന്ന രണ്ടാം മത്സരത്തിൽ ടോട്ടൻഹാമിനെതിരായ എസി മിലാന്റെ വിജയം ടീമിന്റെ ആത്മവിശ്വാസം ഉയർത്തും. കഴിഞ്ഞ വർഷം ലീഗ് ജേതാക്കളായ മിലാൻ കടുത്ത മത്സരം നടക്കുന്ന ഇറ്റാലിയൻ ലീഗിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമും അഞ്ചാം സ്ഥാനത്താണ്. ഇത്തവണ ലീഗിൽ ആദ്യ നാലിൽ സ്ഥാനം കണ്ടെത്തി അടുത്ത സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ ഇരു ടീമുകൾക്കും സാധിച്ചിട്ടില്ല. രണ്ടു മത്സരങ്ങളുടെയും പ്രീ ക്വാർട്ടറിന്റെ രണ്ടാം പാദം മാർച്ച് 9ന് നടക്കും.