28 June 2024 Friday

ഇനി ഉറക്കമില്ലായ്മയുടെ നാളുകൾ; ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ പ്രീ ക്വാർട്ടർ ഇന്ന് മുതൽ

ckmnews

കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഇനി ഉറക്കമില്ലായ്മയുടെ നാളുകൾ. വിദേശ ഫുട്ബോൾ ലീഗ് മത്സരങ്ങൾ കാണുന്നതിനായി ടിവിയുടെയും മൊബൈലിന്റെയും മുന്നിലിരുന്ന് നേരം വെളുപ്പിച്ചെടുക്കുന്ന മലയാളികൾ ആരാധകർക്ക് ഇനി ചാമ്പ്യൻസ് ലീഗിന്റെ ആവേശം. ലോകകപ്പിന്റെ ഇടവേളക്ക് ശേഷം ചാമ്പ്യൻസ് ലീഗിന്റെ നോക്ക്ഔട്ട് മത്സരങ്ങൾ ഇന്ന് പുനരാംഭിക്കും. ലോകഫുട്ബോളിലെ സൂപ്പർ ക്ലബ്ബുകളുടെ മത്സരത്തോടെയാണ് ടൂർണമെന്റ് തിരിച്ചുവരുന്നത്.

ഇന്ന് രാത്രി 1.30 ന് നടക്കുന്ന ആദ്യപാദ പ്രീ ക്വാർട്ടർ മത്സരത്തിൽ ജർമൻ ക്ലബായ ബയേൺ മ്യൂണിക്ക് ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ നേരിടും. കഴിഞ്ഞ ആഴ്ച പരുക്കേറ്റ പിഎസ്ജിയുടെ സൂപ്പർ താരം ഇന്നത്തെ മത്സരത്തിൽ കളിക്കാൻ സാധ്യതയുണ്ടെന്നാണ് റിപോർട്ടുകൾ. സ്‌ക്വാഡിൽ ഇടം കണ്ടെത്തിയ താരം ഇന്നലെ പരിശീലനം പുനരാംഭിച്ചിട്ടുണ്ട്. പരുക്കിന്റെ പിടിയിലായിരുന്ന എംബപ്പേയും സ്‌ക്വാഡിൽ ഇടംകണ്ടെത്തിയിട്ടുണ്ട്. ബയേൺ മ്യൂണിക്കിൽ സാദിയോ മാനേയും മാനുവൽ ന്യുയറും പരുക്കിന്റെ പിടിയിലാണ്. പരുക്കേറ്റിരുന്ന തോമസ് മുള്ളർ കളിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പാരിസിൽ പിഎസ്ജിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം.കഴിഞ്ഞ സെപ്റ്റംബറിലാണ് ബയേൺ അവസാനമായി ഒരു മത്സരത്തിൽ പരാജയം നേരിട്ടത്. തുടർച്ചായി 19 മത്സരങ്ങളിൽ ടീം ഇതുവരെ വിജയിച്ചിട്ടുണ്ട്. പിഎസ്ജിയാകട്ടെ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ പരാജയം നേരിട്ടു.


ഇന്ന് രാത്രിയിലെ രണ്ടാമത്തെ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ് എസി മിലാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാമിനെ നേരിടും. എസി മിലൻറെ ഹോം ഗ്രൗണ്ടായ സാൻ സിറോയിലാണ് മത്സരം. ഇംഗ്ലീഷ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഫെബ്രുവരി മാസം ആരംഭിച്ച ടോട്ടൻഹാം കഴിഞ്ഞ മത്സരത്തിൽ ലെയ്‌സെസ്റ്റർ സിറ്റിയോട് നാല് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഇറ്റാലിയൻ ലീഗ് ജേതാക്കളായി എസി മിലാൻ കഴിഞ്ഞ പന്ത്രണ്ട് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിച്ചത്.