28 June 2024 Friday

ഇറാനെ മുട്ടുകുത്തിച്ച് അമേരിക്ക പ്രീ ക്വാര്‍ട്ടറില്‍

ckmnews

ദോഹ: ലോകകപ്പ് ഫുട്ബോളില്‍  ഇറാനെ മറികടന്ന് യുഎസ്എ പ്രീ ക്വാര്‍ട്ടറിലെത്തി. 


വാശിയേറിയ മറ്റൊരു പോരാട്ടത്തില്‍ ഇറാന്‍റെ വെല്ലുവിളി അതിജീവിച്ചാണ് അമേരിക്ക പ്രീ ക്വാര്‍ട്ടറിലെത്തിയത്. തുടക്കത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടി. മൂന്നാം മിനിറ്റില്‍ യുഎസ് ബോക്സിന് പുറത്ത് ഇറാന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും അപകടമൊഴിവാക്കി യുഎസ് രക്ഷപ്പെട്ടു.പതിനാറാം മിനിറ്റില്‍ ഇറാന്‍ ഗോള്‍ കീപ്പറുടെ മികവ് തിമോത്തി വിയക്ക് ഉറപ്പായൊരു ഗോള്‍ നിഷേധിച്ചു. ആദ്യ 20 മിനിറ്റില്‍ആക്രമണങ്ങള്‍ നയിച്ചത് യുഎസ് ആയിരുന്നെങ്കിലും ഫിനിഷിംഗിലെ പോരായ്മ അവര്‍ക്ക് തിരിച്ചടിയായി.21-ാം മിനിറ്റില്‍ മുന്നിലെത്താന്‍ ഇറാന് അവസരം ലഭിച്ചെങ്കിലും അസമൗണിന്‍റെ ഉറച്ച ഗോളവസരം ടിം റീം നിഷ്ഫലമാക്കി.


ആദ്യ അരമണിക്കൂറിനുശേഷം സമ്മര്‍ദ്ദമുയര്‍ത്തിയ യുഎസ് തുടര്‍ച്ചയായി കോര്‍ണറുകള്‍ നേടി. ഇതിനിടെ തിമോത്തി വിയ ഇറാന്‍ വലയില്‍ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായി. 38ാം മിനിറ്റില്‍ യുഎസിന്‍റെ സമ്മര്‍ദ്ദത്തിന് ഫലം കണ്ടു. കോര്‍ണറില്‍ നിന്ന് ഇറാന്‍ ഗോള്‍ കീപ്പര്‍ അലിറേസയെ മറികടന്ന് ക്രിസ്റ്റ്യന്‍ പുലിസിച്ച് യുഎസിനെ മുന്നിലെത്തിച്ചു. ഗോള്‍ നേടാനുള്ള ശ്രമത്തില്‍ ഇറാന്‍ ഗോള്‍ കീപ്പറുടെ കാല് തലയില്‍ കൊണ്ട് പുലിസിച്ചിന് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് ഗ്രൗണ്ട് വിട്ട പുലിസിച്ച് അഞ്ച് മിനിറ്റിന് ശേഷം തിരിച്ചെത്തി.


രണ്ടാം പകുതിയില്‍ സമനില ഗോള്‍ കണ്ടെത്താന്‍ ഇറാന്‍ ആക്രമണം കനപ്പിച്ചതോടെ മത്സരം ആവേശകരമായി.എന്നാല്‍ ഫിനിഷിംഗിലെ പിഴവ് ഇറാന് തിരിച്ചടിയായി.ഇഞ്ചുറി ടൈമില്‍ ലഭിച്ച സുവര്‍ണാവസരം ഇറാന് നഷ്ടമായി. ബോക്സില്‍ ഇറാന്‍ മുന്നേറ്റനിരതാരത്തെ വീഴ്ത്തിയെന്ന് ആരോപിച്ച് പെനല്‍റ്റിക്കായി ഇറാന്‍ താരങ്ങള്‍ വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല. രണ്ടാം പകുതിയില്‍ ലഭിച്ച സുവര്‍ണാവസരങ്ങള്‍ ഇറാന്‍ മുന്നേറ്റ നിര പാഴാക്കിയതോടെ വിജയവുമായി യുഎസ്എ പ്രീ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തു.