28 June 2024 Friday

ഇക്വഡോറിന് ‘പുറത്തേക്ക് ഡോർ’ തുറന്ന് സെനഗൽ; തകർപ്പൻ വിജയം,

ckmnews

ദോഹ ∙ ഖത്തർ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടക്കാൻ സമനില മാത്രം മതിയായിരുന്ന ഇക്വഡോറിന്റെ ‘സമനില തെറ്റിച്ച്’ തകർപ്പൻ വിജയത്തോടെ ആഫ്രിക്കൻ കരുത്തരായ സെനഗൽ പ്രീക്വാർട്ടറിൽ. ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സെനഗലിന്റെ ജയം. മത്സരത്തിന്റെ ആദ്യ മിനിറ്റു മുതൽ പുറത്തെടുത്ത തകർപ്പൻ പ്രകടനത്തിനൊടുവിലാണ് സെനഗൽ പ്രീക്വാർട്ടർ ഉറപ്പിച്ചത്. സെനഗലിനായി ഇസ്മയില സാർ (44, പെനൽറ്റി), കാലിഡു കൂളിബാലി (70) എന്നിവർ ലക്ഷ്യം കണ്ടു. ഇക്വഡോറിന്റെ ഗോൾ മോയ്സസ് കയ്സെഡോ (67) നേടി.


ഇക്വഡോർ സമനിലഗോൾ കണ്ടെത്തി വെറും മൂന്നു മിനിറ്റിനുള്ളിലാണ് സെനഗൽ ലീഡ് തിരിച്ചുപിടിച്ചത്. ഈ വിജയത്തോടെ, രാജ്യാന്തര വേദിയിൽ ഇതുവരെ മുഖാമുഖമെത്തിയ മൂന്നു മത്സരത്തിലും ഇക്വഡോറിനെതിരെ വിജയം നേടാൻ സെനഗലിനായി. ഖത്തർ ലോകകപ്പിൽ തോറ്റ ഒരേയൊരു മത്സരം ഇക്വഡോറിനു പുറത്തേക്കുള്ള വാതിലും തുറന്നു.

ഇതേ സമയത്ത് നടന്ന മറ്റൊരു മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ തോൽപ്പിച്ച് നെതർലൻഡ്സ് ഗ്രൂപ്പിൽനിന്ന് ഒന്നാം സ്ഥാനത്തോടെ പ്രീക്വാർട്ടറിൽ കടന്നു. നെതർലൻഡ്സിന് രണ്ടു ജയവും ഒരു സമനിലയും സഹിതം ഏഴു പോയിന്റുണ്ട്. ആദ്യ മത്സരത്തിൽ നെതർലൻഡ്സിനോടു തോറ്റെങ്കിലും, പിന്നീട് ഖത്തറിനെയും ഇപ്പോൾ ഇക്വഡോറിനെയും തോൽപ്പിച്ച് സെനഗൽ രണ്ടാം സ്ഥാനത്തോടെയാണ് പ്രീക്വാർട്ടറിൽ കടന്നത്.