28 June 2024 Friday

അടി, തിരിച്ചടി, വീണ്ടും തിരിച്ചടി; സമനിലക്കുരുക്കിൽ കാമറൂൺ– സെർബിയ

ckmnews

ദോഹ∙ അടി, തിരിച്ചടി, വീണ്ടു തിരിച്ചടി.. ഇരു ടീമുകളും ഗോളടിക്കാൻ മത്സരിച്ചപ്പോൾ ആവേശപ്പോരാട്ടത്തിന് സമനിലകുരുക്ക്. ഗ്രൂപ്പ് ജിയിൽ കാമറൂൺ– സെർബിയ മത്സരമാണ് സമനിലയിൽ പിരിഞ്ഞത് (3–3). ഇതോടെ ഖത്തർ ലോകകപ്പിൽ അക്കൗണ്ട് തുറന്ന ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവച്ചു. ആദ്യ മത്സരത്തിൽ സെർബിയ കരുത്തരായ ബ്രസീലിനോട് തോറ്റിരുന്നു. സ്വിറ്റസർലൻഡിനെതിരെ 1–0 ത്തിനായിരുന്നു കാമറൂണിന്റെ ആദ്യ മത്സരത്തിലെ തോൽവി.


ഇന്നത്തെ മത്സരത്തിൽ ആദ്യ ഗോൾവല ചലിപ്പിച്ചത് കാമറൂണ്‍ ആണ്. മത്സരത്തിന്റെ 29–ാം മിനിറ്റിൽ യാൻ ചാൾസ് കാറ്റെലിറ്റോയാണ് കാമറൂണിനായി ഗോൾനേടിയത്. കാമറൂണിനു ലഭിച്ച കോർണറിൽ, ടോളയിൽനിന്നു ലഭിച്ച പാസ് കാറ്റെലിറ്റോ ലക്ഷ്യം കാണുകയായിരുന്നു. ഇതിനുശേഷം മത്സരത്തിന്റെ നിയന്ത്രണം ഏറെക്കുറെ പിടിച്ചെടുത്ത കാമറൂൺ, സെർ‌ബിയൻ താരങ്ങളെ വരിഞ്ഞുമുറുക്കി. എന്നാൽ ആദ്യ പകുതിയുടെ ഇഞ്ചറി ടൈമിൽ കാമറൂൺ എല്ലാം കൈവിട്ടു. രണ്ടു മിനിറ്റിന്റെ ഇടവേളയിൽ വഴങ്ങേണ്ടി വന്ന ഗോളുകൾ കാമറൂണിനെ ശരിക്കും ഞെട്ടിച്ചു.

പാവ്‌ലോവിക് (45+1) മിലിൻകോവിക് സാവിക് (45+3) എന്നിവരാണ് സെർബിയയുടെ ‘ഇഞ്ചറി’ ഗോൾ വേട്ടക്കാർ. ഇതോടെ ആദ്യ പകുതിയിൽ സെർബിയ ഒരു ഗോളിന്റെ ലീഡെടുത്തു. രണ്ടാം പകുതിയിൽ സെർബിയ പൂർണമായും ആക്രമണം ഏറ്റെടുത്തു. 53–ാം മിനിറ്റിൽ സെബർബിയയുടെ ടിക്കി ടാക്ക മൂവിൽ വീണ്ടും ഗോൾ പിറന്നു. മിട്രോവിക്കാണ് സെർ‌ബിയയ്ക്കായി കാമറൂണിന്റെ ഗോൾവല ചലിപ്പിച്ചത്.


ഇതോടെ ഇന്നലത്തെ ക്രൊയേഷ്യ– കാനഡ മത്സരത്തിന്റെ തനിയാവർത്തനമാകുമോ ഈ മത്സരവും എന്നു സംശയിച്ചു. കളി തുടങ്ങി 67 സെക്കൻഡിനകം ഗോൾ വഴങ്ങേണ്ടി വന്നെങ്കിലും നാല് ഗോളുകൾ തിരിച്ചടിച്ചാണ് ക്രൊയേഷ്യ, കാനഡയെ തകർത്തുവിട്ടത്. എന്നാൽ സെർബിയയുടെ മൂന്നു ഗോളുകൾക്ക് കാമറൂണിന്റെ പോരാട്ടവീര്യം തകർക്കാനായില്ല.


64–ാം മിനിറ്റിൽ സെർബിയയെ ഞെട്ടിച്ച് വീണ്ടു കാമറൂണിന്റെ ഗോൾ പിറന്നു. വി.അബൂബക്കറാണ് ഗോൾ നേടിയത്. ആദ്യ ഗോൾ നേടിയ കാറ്റെലിറ്റോയുടെ അസിസ്റ്റിലായിരുന്നു അബൂബക്കറിന്റെ ഗോൾ. രണ്ടു മിനിറ്റിനുള്ളിൽ വീണ്ടു കാമറൂണിന്റെ സമനില ഗോളും പിറന്നു. അബൂബക്കറിന്റെ അസിസ്റ്റിൽ ചുവോപൊ-മൊതിങ് ആണ് ഗോൾ (66) നേടിയത്.