09 May 2024 Thursday

കെജ്‌രിവാളിനെ നീക്കണമെന്ന ഹർജി തള്ളി; ഹർജിക്കാരന് 50000 രൂപ പിഴ, 'ഇനിയും വാദിച്ചാൽ ഇനിയും കൂടും'

ckmnews


ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന ഹർജി ദില്ലി ഹൈക്കോടതി തളളി. ഹർജിക്കാരന് അൻപതിനായിരം രൂപ പിഴയും വിധിച്ചു. രാഷ്ട്രീയ തർക്കത്തിലേക്ക് കോടതിയെ വലിച്ചിഴയ്ക്കേണ്ടെന്നും രാഷ്ട്രീയ പ്രസംഗം നടത്തണമെങ്കിൽ റോഡിൽ പോയി നടത്തണമെന്നും കോടതി രൂക്ഷമായി വിമർശിച്ചു.

സുപ്രീംകോടതിയോ ഹൈക്കോടതിയോ മുഖ്യമന്ത്രിമാരെ നീക്കാറില്ല. ഗവർണർ ഇടപെടേണ്ട വിഷയമാണ്, കോടതി ഇടപെടേണ്ടതല്ലെന്നും കോടതി വ്യക്തമാക്കി. മുൻ ആംആദ്മിപാർട്ടി എംഎൽഎ സന്ദീപ് കുമാർ ആണ് ഹർജിക്കാരൻ. മൂന്നാം തവണയാണ് ഇതേ ആവശ്യം ഉന്നയിച്ചുള്ള കേസ് പരിഗണിക്കുന്നത്. ഹർജിക്കാരന് ഭീമമായ തുക പിഴ ചുമത്തുകയാണ് വേണ്ടത്. തീരുമാനമെടുക്കേണ്ടത് കോടതിയല്ല, ഗവർണർ ആണ്. ഇവിടെ രാഷ്ട്രീയ പ്രസംഗം വേണ്ട. റോഡിൻ്റെ മൂലയിൽ പോയി നടത്തിയാൽ മതി. ഇനിയും വാദിച്ചാൽ പിഴത്തുക ഇനിയും കൂടുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

അതേസമയം, മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെ അരവിന്ദ് കേജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചു. തെറ്റായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റുചെയ്തതെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ അടിയന്തര വാദം കേൾക്കണമെന്നും ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.