09 May 2024 Thursday

കെജ്‍രിവാൾ സുപ്രീംകോടതിയിൽ; ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യം, നോക്കാമെന്ന് ചീഫ് ജസ്റ്റിസ്

ckmnews


ഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ശരിവച്ച ദില്ലി ഹൈക്കോടതി വിധിക്കെതിരെ അരവിന്ദ് കെജ്‍രിവാൾ സുപ്രീം കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം കെജ്‍രിവാളിന്റെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന് കെജ്‍രിവാളിന്റെ അഭിഭാഷകർ സുപ്രീം കോടതിയോട് അഭ്യർഥിച്ചു. നോക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മറുപടി നൽകി.

നിയമ വശങ്ങൾ പരിശോധിക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. കെജ്‍രിവാളിനേതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കാനാണ് ഇഡിയുടെ നീക്കം. ഹർജി എപ്പോൾ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയില്ല. അടുത്ത നാല് ദിവസം കോടതി അവധിയാണ്.

കെജ്‌രിവാളിന്റെ അറസ്റ്റും റിമാൻഡും നിയമപരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ഹർജി തള്ളിയത്. കെജ്‌രിവാൾ ഗൂഢാലോചന നടത്തിയെന്നതിനുള്ള തെളിവുകൾ ഇഡി ശേഖരിച്ചിട്ടുണ്ടെന്നും വിചാരണ കോടതിയുടെ അധികാരങ്ങളിൽ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

മദ്യനയ അഴിമതിക്കേസിൽ മാർച്ച് 21നാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. വിചാരണ കോടതി അദ്ദേഹത്തെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. നിലവിൽ തിഹാർ ജയിലിലാണ് കെജ്‌രിവാൾ. മുഖ്യമന്ത്രി ആയാൽ പോലും ആർക്കും പ്രത്യേക പരിഗണന നൽകാനാവില്ലെന്ന് ഇന്നലെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അറസ്റ്റും റിമാൻഡും നിയമം അനുസരിച്ചാണ് കാണേണ്ടത്. തിരഞ്ഞെടുപ്പ് സമയത്താണ് അറസ്റ്റ് എന്ന് വിലയിരുത്തേണ്ടതില്ല. മാപ്പ് സാക്ഷികളുടെ മൊഴികൾ വിശ്വാസ്യമല്ലെന്ന് പറയാനാവില്ല. ഇത് കോടതി നടപടികളെ അവിശ്വസിക്കുന്നതിന് തുല്യമാണെന്നും ഡൽഹി ഹൈക്കോടതി പറഞ്ഞിരുന്നു.

ഇഡിയുടെ നടപടികൾ എല്ലാം നിയമാനുസൃതമെന്ന് നിരീക്ഷിച്ച കോടതി, രാഷ്ട്രീയ ആഭിമുഖ്യം അനുസരിച്ചില്ല വിധിയെന്ന് വ്യക്തമാക്കി. രാഷ്ട്രീയ ധാർമ്മികതയല്ല, ഭരണഘടനാ ധാർമ്മികതയാണ് കോടതി പരിഗണിക്കുന്നത്. ആര് തിരഞ്ഞെടുപ്പിൽ മത്സരിച്ചു, ആര് തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി എന്നതല്ല കോടതിയുടെ വിഷയമെന്ന് നിരീക്ഷിച്ച കോടതി അറസ്റ്റ് നിയമപരമായി നിലനിൽക്കുമെന്നും വിധിച്ചു.