09 May 2024 Thursday

ദമ്പതികളുടെയും സുഹൃത്തിന്റെയും മരണം; ആഭിചാര ക്രിയകൾക്ക് കാർമികത്വം വഹിച്ച നാലാമനെ തേടി പൊലീസ്

ckmnews



അരുണാചൽ പ്രദേശിലെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവീൻ, ദേവി, ആര്യ എന്നിവരുടെ മരണത്തിൽ നാലാമന്റെ സ്വാധീനം ഉറപ്പിച്ച് അന്വേഷണ സംഘം. അന്വേഷണ സംഘത്തിന്റെ നിലവിലെ നിഗമനം അനുസരിച്ചുള്ള സാത്താൻ സേവയാണ് മരണകാരണമെങ്കിൽ ഈ ആഭിചാരപ്രക്രിയയിൽ മുഖ്യകാർമികൻ ഉണ്ടാകും. കർമങ്ങൾക്കുശേഷം അയാൾ മരിക്കാറുമില്ല. സാധരണ സാത്താൻസേവ കേസുകളിൽ കൊലപാതകം നടത്താൻ ഒരാളുണ്ടാകും. ബാക്കിയെല്ലാം ഇരകളാകും. എന്നാൽ ഇവിടെ നവീനും ആര്യയും ദേവിയും ഉൾപ്പെടെ മൂന്നുപേരും മരണപ്പെടുകയായിരുന്നു. അങ്ങനെയെങ്കിൽ മുഖ്യ കാർ‌മികൻ ആരായിരുന്നുവെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്.

എന്നാൽ ഇവര്‍ മരിച്ച ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും മുറിയിൽ നാലാമൻ വന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ല. എന്നാൽ ഓൺലൈനിലൂടെ ആരെങ്കിലും സാത്താൻ സേവയുടെ മുഖ്യകാർമികനാകാനുള്ള സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മരണപ്പെട്ട മൂന്നു പേരുടെയും ഇമെയിൽ ചാറ്റുകൾ പരിശോധിച്ചാൽ മാത്രമേ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ.

നാലാമൻ കേരളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആളാകാനുള്ള സാധ്യതയും തിരുവനന്തപുരം കന്റോണ്‍മെന്റ് എ സി പിയുടെ നേതൃത്വത്തിലുള്ള ആറംഗ അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. മരിച്ച മൂവരുടെയും ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും അടക്കം മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. അരുണാചലിലേക്കു പോകുന്നതിനു തൊട്ടുമുൻപു വരെയുള്ള ഇ-മെയിൽ ചാറ്റുകൾ വീണ്ടെടുക്കാനാണ് ശ്രമം.

മാർച്ച് 17നാണ് നവീനും ദേവിയും കോട്ടയം മീനടത്തെ വീട്ടിൽനിന്നുമിറങ്ങിയത്. ആര്യയുമായി അരുണാചലിലേക്കു കടക്കാനുള്ള ഇവരുടെ നീക്കങ്ങൾ വളരെ ശ്രദ്ധാപൂർവമായിരുന്നു. പത്തുദിവസത്തോളം ദമ്പതികള്‍ തിരുവനന്തപുരത്ത് വിവിധ ഇടങ്ങളിൽ താമസിച്ചു. നാലു ദിവസം തിരുവനന്തപരം കഴക്കൂട്ടത്തുണ്ടായിരുന്നു. എവിടെയാണു താമസിച്ചതെന്നു കണ്ടെത്തിയിട്ടില്ല. പല ദിവസവും മൊബൈൽ ഓഫ് ചെയ്ത നിലയിലായിരുന്നു.


26നാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്. നവീനാണ് ടിക്കറ്റെടുത്തത്. ഓണ്‍ലൈൻ ഇടപാടുകള്‍ ഒഴിവാക്കി പണമായിട്ടാണു തുക നൽകിയത്. യാത്രാ വിവരങ്ങള്‍ വേഗത്തിൽ കണ്ടെത്താതിരിക്കാനായിരുന്നു ഇതെന്നു പൊലീസ് സംശയിക്കുന്നു. ഹോട്ടൽ മുറിയെടുത്തപ്പോഴും നവീൻ മറ്റുള്ളവരുടെ രേഖകള്‍ നൽകിയില്ല.