09 May 2024 Thursday

കെജ്‍രിവാൾ തിഹാര്‍ ജയിലിലേക്ക്; ഈ മാസം 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ckmnews



ഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി റോസ് അവന്യു കോടതി പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജയുടെതാണ് ഉത്തരവ്.


കെജ്‍രിവാളിന്റെ കസ്റ്റഡി കാലാവധി ഇഡി ഇന്ന് നീട്ടിച്ചോദിച്ചില്ല. ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നാണ് ആവശ്യപ്പെട്ടത്. ഭാവിയിൽ കസ്റ്റഡിയിൽ വേണ്ടി വരും. കെജ്‍രിവാൾ അന്വേഷണവുമായി നിസഹകരണം തുടരുകയാണ്. ഫോണിൻ്റെ പാസ്‌വേഡ് അദ്ദേഹം കൈമാറിയില്ല. ചോദ്യങ്ങൾക്ക് എനിക്ക് അറിയില്ല എന്ന് മാത്രം മറുപടി നൽകിയെന്നും ഇഡി കോടതിയിൽ പറഞ്ഞു. വിജയ് നായർ തന്നെ അല്ല അതിഷിയെ ആണ് സമീപിച്ചത് എന്ന് കെജ്‍രിവാൾ മൊഴി നൽകിയെന്നും ഇഡി പറഞ്ഞു.



കെജ്‍രിവാളിന് ജയിലിൽ പുസ്തകങ്ങൾ എത്തിച്ചുനൽകണമെന്ന് കോടതി നിർദേശിച്ചു. മൂന്ന് പുസ്തകങ്ങൾ കൈമാറാൻ കെജ്‍രിവാൾ അനുമതി തേടുകയായിരുന്നു. ഭഗവത് ഗീത, രാമായണം, ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ് എന്നീ പുസ്തകങ്ങളാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വീട്ടിൽ നിന്നുള്ള ഭക്ഷണം അനുവദിക്കണം, ലോക്കറ്റ് ധരിക്കാൻ തന്നെ അനുവദിക്കണം എന്നിവ ചൂണ്ടിക്കാട്ടി കെജ്‌രിവാൾ പ്രത്യേക അപേക്ഷ നൽകി.

മാർച്ച് 21ന് രാത്രിയാണ് ഇ ഡി കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തത്. ഒമ്പത് തവണ സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ എത്തി ഇഡി സംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റിൽനിന്നു കെജ്‍രിവാളിന് സംരക്ഷണം അനുവദിക്കാനാവില്ലെന്നു ഡൽഹി ഹൈക്കോടതി വ്യക്തമാക്കി മണിക്കൂറുകൾക്കകമായിരുന്നു നടപടി. പ്രാഥമിക കസ്റ്റഡി മാർച്ച് 28ന് അവസാനിച്ചെങ്കിലും ഇഡിയുടെ ആവശ്യപ്രകാരം ഡൽഹി റോസ് അവന്യു കോടതി കസ്റ്റഡി കാലാവധി ഇന്നു വരെ നീട്ടിയിരുന്നു. കസ്റ്റഡിയിൽ നിന്നാണ് കെജ്‍രിവാൾ ഭരണം തുടരുന്നത്.