27 April 2024 Saturday

ബ്ലെസിയും പൃഥ്വിരാജും ചേര്‍ന്ന് വെള്ളിത്തിരയിലൊരുക്കിയ വിസ്മയം; അസാധ്യം, അവര്‍ണനീയം 'ആടുജീവിതം'

ckmnews


16വർഷങ്ങൾ... ഇന്ത്യൻ സിനിമയിൽത്തന്നെ ഒരു സംവിധായകൻ ഒരു ചിത്രം പൂർത്തികരിക്കാനായി ഇത്രയും വർഷങ്ങൾ കാത്തിരുന്നിട്ടുണ്ടാവില്ല. ഒരു സിനിമ റിലീസാവാൻ പ്രേക്ഷകരും ഇതുപോലെ ക്ഷമിച്ചിരുന്നിട്ടുണ്ടാവില്ല. ഈ രണ്ടുകൂട്ടരുടേയും ആ തപസിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്. പറഞ്ഞുവരുന്നത് ആടുജീവിതത്തേക്കുറിച്ചാണ്. നജീബ് എന്ന യഥാർത്ഥ വ്യക്തിയുടെ അനുഭവങ്ങളുടെ ചൂട് പകർത്തി ബെന്യാമിൻ എന്ന സാഹിത്യകാരൻ സൃഷ്ടിച്ച ആടുജീവിതം ഇപ്പോൾ ബ്ലെസി എന്ന സംവിധായകനിലൂടെ പുനരവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്. അതും മൂലകൃതിയുടെ സത്ത യാതൊരുവിധത്തിലും ചോർന്നുപോകാതെ.

ആടുജീവിതം സിനിമയാകുന്നു എന്നുകേട്ടപ്പോൾ പലരുടേയും മനസിലുയർന്ന സംശയമായിരിക്കും ഈ കൃതി എങ്ങനെ ചിത്രീകരിച്ചെടുക്കും എന്ന്. എന്നാൽ ആ സംശയം ഒരുവിധത്തിലുമുള്ള ചോദ്യങ്ങൾക്കും ഇടനൽകാതെ ദൃശ്യവത്ക്കരിക്കുന്നതിൽ ബ്ലെസിയും സംഘവും വിജയിച്ചിരിക്കുന്നു എന്ന് ആദ്യമേതന്നെ പറയട്ടെ. ഇത്രയും ജനപ്രിയമായ ഒരു നോവൽ സിനിമയാക്കാൻ തീരുമാനിച്ച് അത് നടപ്പിലാക്കിയെടുത്ത ബ്ലെസിക്ക് നല്ലൊരു കയ്യടി നൽകണം. കാരണം നോവൽ വായിച്ച് മനസിൽ പതിപ്പിച്ചവർക്കിടയിലേക്കാണ് അതേ കൃതിയുടെ ദൃശ്യഭാഷ്യവുമായി എത്താൻ അദ്ദേഹം തീരുമാനിച്ചത്. വായനക്കാർ മനസിൽ കണ്ട അതേരീതിയിൽത്തന്നെ അത് സാധ്യമായിരിക്കുന്നു എന്നിടത്താണ് ബ്ലെസി എന്ന സംവിധായകന്റെ വിജയം.


നോവൽ അതേപടി സിനിമയാക്കുകയല്ല ബ്ലെസി ചെയ്തിരിക്കുന്നത്. പ്രധാന സംഭവങ്ങളേയും കഥാപാത്രങ്ങളേയും ഉൾപ്പെടുത്തി പുതിയൊരു തലം ആടുജീവിതത്തിന് നൽകിയിരിക്കുകയാണ് സംവിധായകൻ. നോവൽ വായിച്ച് മനഃപാഠമാക്കിയവർക്കുപോലും പുതിയൊരു കഥ എന്ന രീതിയിൽ സിനിമയെ സമീപിക്കാം എന്നർത്ഥം. ആദ്യപകുതിയിൽ നജീബും അയാളുടെ പശ്ചാത്തലവും ഗൾഫിൽ എത്തിപ്പെടുന്ന സാഹചര്യവും അവിടെ അയാൾ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളും പറഞ്ഞ് കൃത്യമായ അടിത്തറയുണ്ടാക്കിയെടുക്കുകയാണ് ബ്ലെസി ചെയ്യുന്നത്. രണ്ടാം പകുതിയിലാൺ നജീബിന്റെ ജീവിതത്തെ പ്രേക്ഷകർ ആഴത്തിൽ അറിയുകയും അയാൾക്കൊപ്പമുള്ള ആടുജീവിതം ആരംഭിക്കുകയും ഒപ്പം സഞ്ചരിക്കുകയും ചെയ്യുന്നത്.

കഥാപാത്രങ്ങളിലേക്കുവന്നാൽ നജീബായി എത്തിയ പൃഥ്വിരാജിൽനിന്നുതന്നെ തുടങ്ങാം. ഒരുപക്ഷേ ഇനിയൊരിക്കലും പൃഥ്വിരാജ് ഇതുപോലൊരു വേഷം ചെയ്യാനിടയില്ല. കാരണം തന്റെ ശരീരവും മനസും അദ്ദേഹം നജീബിനായി നൽകിക്കഴിഞ്ഞു. സിനിമയിൽ പൃഥ്വിരാജിന്റെ കരിയർ ഇനി ആടുജീവിതത്തിന് മുമ്പും ശേഷവും എന്ന് അറിയപ്പെടും. യഥാർത്ഥ നജീബ് എന്തെല്ലാം അനുഭവിച്ചോ അതെല്ലാം അതേ തീവ്രതയിൽ പ്രേക്ഷകർക്കുമുന്നിലെത്തിക്കുന്നതിൽ പൃഥ്വിരാജ് നൂറുശതമാനവും വിജയിച്ചിട്ടുണ്ട്. മരുഭൂമിയിലെ ജീവിതം സമ്മാനിച്ച ശാരീരികവും മാനസികവുമായ ദുരിതങ്ങൾ അയാളെ സംസാരിക്കാൻപോലും മറന്ന അവസ്ഥയിലെത്തിച്ചിരുന്നു. ആടുകൾക്കൊപ്പമുള്ള നാളുകൾ കടന്നുപോകേ ആടുകളുടേതുപോലെയായിരുന്നു നജീബിന്റെ ശബ്ദവും ഭക്ഷണംകഴിക്കുന്ന രീതിപോലും. കണ്ണുകൾകൊണ്ട് അഭിനയിക്കുന്ന, ജീവിക്കുന്ന പൃഥ്വിരാജിനെ ആടുജീവിതത്തിൽ കാണാം

എടുത്തുപറയേണ്ട മറ്റൊരാൾ ഹക്കീം ആയെത്തിയ ഗോകുൽ ആണ്. ഈയിടെ നടന്ന ഓഡിയോ ലോഞ്ചിനിടെ പൃഥ്വിരാജ് ഗോകുലിനേക്കുറിച്ച് എടുത്തുപറഞ്ഞിരുന്നു. നജീബ് കടന്നുപോയ അതേ യാതനകളിലൂടെയും ജീവിത സാഹചര്യങ്ങളിലൂടെയുമാണ് ഹക്കീമും സഞ്ചരിച്ചത്. തന്റെ ആദ്യ ചിത്രമാണെന്ന് തോന്നിക്കാത്തവിധം ഹക്കീമിനെ അവിസ്മരണീയമാക്കിയിട്ടുണ്ട് ഗോകുൽ. ചിത്രത്തിലൂടനീളം ഒരു നോവായി നിൽക്കുന്നുണ്ട് ഹക്കീം. ഇബ്രാഹിം കാദിരിയായെത്തിയ ജിമ്മി ജീൻ ലൂയിസും തന്റെ മലയാള അരങ്ങേറ്റം ഗംഭീരമാക്കിയിട്ടുണ്ട്. അമലാപോൾ അവതരിപ്പിച്ച സൈനു, ശോഭാ മോഹന്റെ ഉമ്മ എന്നിവർ മനസിൽ നോവുപടർത്തുന്നതാണ്.

എ.ആർ. റഹ്മാൻ, ഛായാഗ്രാഹകൻ സുനിൽ കെ.എസ് എന്നിവരെക്കുറിച്ച് പറയാതെ ആടുജീവിതത്തേക്കുറിച്ചുള്ള അഭിപ്രായങ്ങൾ പൂർണമാവില്ല. ആടുജീവിതത്തിന്റെ ദൃശ്യഭാഷയ്ക്ക് ഇവർ ഇരുവരും നൽകിയ സംഭാവനകൾ നിറഞ്ഞ കയ്യടിയർഹിക്കുന്നു. നജീബിന്റെ ആടുജീവിതം എത്രമാത്രം ഭീകരതയും നിസ്സഹായതയും നിറഞ്ഞതായിരുന്നു എന്ന് ആഴത്തിൽ മനസിലാക്കിയായിരുന്നു എ.ആർ.റഹ്മാൻ ഗാനങ്ങളും പശ്ചാത്തലസംഗീതവുമൊരുക്കിയത്. വേറൊരുതരത്തിൽ പറഞ്ഞാൽ സംഗീതം മറ്റൊരു കഥാപാത്രംതന്നെയായിരുന്നു സിനിമയിൽ. സുനിൽ.കെ.എസിന്റെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തതിനെ അന്താരാഷ്ട്രനിലവാരത്തിലുള്ളത് എന്നുപറഞ്ഞാൽ ഏറ്റവും ചുരുങ്ങിയ വിശേഷണമാവും. കണ്ടിരിക്കുന്നവരെക്കൂടി ആ മരുഭൂമിയിലേക്ക് കുരുക്കിയിടുന്ന മാജിക് അദ്ദേഹം തീർത്തിട്ടുണ്ട്.


മലയാളത്തിൽ എന്തുകൊണ്ട് ഈ 16 വർഷം വേറൊരു ചിത്രം സംവിധാനംചെയ്തില്ല എന്ന ചോദ്യത്തിന് ബ്ലെസിക്ക് നൽകാനുള്ള ഉത്തരമാണ് ആടുജീവിതം. നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകളാണ് എന്ന് ആടുജീവിതം നോവലിൽ ബെന്യാമിൻ പറയുന്നുണ്ട്. പക്ഷേ അതിനപ്പുറമുള്ള ജീവിതക്കാഴ്ചകളാണ് നജീബിന്റെ ജീവിതം പ്രേക്ഷകരോടുപറയുന്നത്. പ്രതിബന്ധങ്ങളിൽ തളരാതെ സ്വന്തം സ്വപ്നത്തിലേക്ക് മുന്നേറാൻ ശ്രമിക്കുന്നവർക്കും അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നവർക്കും ബ്ലെസി എന്ന സംവിധായകൻ ഒരു പാഠമാണ്. തിയേറ്ററിൽത്തന്നെ കണ്ടിരിക്കേണ്ട ചിത്രമാണ് ആടുജീവിതം.