27 April 2024 Saturday

പ്രധാനമന്ത്രിയുടെ വസതി വളയാൻ ആം ആദ്മി പാര്‍ട്ടി: മാര്‍ച്ചിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്

ckmnews


മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരായ പ്രതിഷേധ മാർച്ചിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി വളഞ്ഞ് പ്രതിഷേധിക്കാൻ പാര്‍ട്ടി നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ മാര്‍ച്ചിനാണ് പൊലീസ് അനുമതി നിഷേധിച്ചത്. എന്നാൽ അനുമതിയില്ലാതെ തന്നെ മാര്‍ച്ചുമായി മുന്നോട്ട് പോകാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.

ഈ സാഹചര്യത്തിൽ പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. ഡൽഹിയിലെ തന്ത്ര പ്രധാന മേഖലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തും. തുഗ്ലക്ക് റോഡ്, സഫ്ദർജംഗ് റോഡ്, കമാൽ അത്താതുർക്ക് മാർഗ് എന്നിവിടങ്ങളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്താനാണ് തീരുമാനം.


ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാളിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇതിനിടെ ‘മോദിയുടെ ഏറ്റവും വലിയ ഭയം, കെജ്‌രിവാൾ’ എന്ന കുറിപ്പോടെ സാമൂഹിക മാധ്യമങ്ങളിൽ ഡിപി ക്യാമ്പയിൻ ആരംഭിക്കുകയും ചെയ്തിരുന്നു.


അതേസമയം കെജ്‌രിവാളിൻ്റെ രാജി ആവശ്യപ്പെട്ട് ബിജെപിയും രം​ഗത്തെത്തിയിട്ടുണ്ട്. വീരേന്ദ്ര സച്ച്‌ദേവയുടെ നേതൃത്വത്തിൽ ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയത്തിൽ നിന്ന് ഡൽഹി സെക്രട്ടേറിയറ്റിലേക്ക് ബിജെപി മെഗാ മാർച്ച് നടത്തും.