09 May 2024 Thursday

ഇലക്ടറൽ ബോണ്ട്: എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി സുപ്രീം കോടതിയിൽ എസ്ബിഐ

ckmnews



ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം. മുദ്ര വെച്ച രണ്ട് കവറുകളില്‍ പെൻഡ്രൈവുകളില്‍  ആയാണ് ഇലക്ട്രല്‍ ബോണ്ടിലെ വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. 


ബോണ്ട് വാങ്ങിയ ആളുകളുടെ അല്ലെങ്കിൽ സ്ഥാപനങ്ങളുടെ വിവരങ്ങൾ വ്യക്തമാക്കുന്ന സീരിയൽ നമ്പർ, യുആർഎൻ നമ്പർ, ജേർണൽ ഡേറ്റ്, ബോണ്ട് വാങ്ങിയ തിയതി, ബോണ്ട് നമ്പർ, , ബോണ്ടിൻ്റെ കാലാവധി, വാങ്ങിയ ആളിൻ്റെ പേര്, പ്രിഫിക്സ്, ബോണ്ട് നമ്പർ, ഡിനോമിനേഷൻ, ബോണ്ട് ഇഷ്യു ചെയ്ത ബ്രാഞ്ചിൻ്റെ കോഡ്, ഇഷ്യൂ ടെല്ലർ, സ്റ്റാറ്റസ് എന്നിവയടങ്ങിയ പെൻഡ്രൈവാണ് എസ്ബിഐ നൽകിയത്. 


ഇലക്ടറൽ ബോണ്ട് വഴി പണം ലഭിച്ച രാഷ്ട്രീയ പാർട്ടികളുടെ വിവരങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന  സീരിയൽ നമ്പർ, ബോണ്ട് പണമാക്കിയ തിയതി, രാഷ്ട്രീയ പാർട്ടിയുടെ പേര്, അക്കൗണ്ട് നമ്പറിൻ്റെ അവസാന നാലക്കം, പ്രിഫിക്സ്, ബോണ്ട് നമ്പർ, ഡിനോമിനേൽൻ, പണം നൽകിയ ബ്രാഞ്ചിൻ്റെ കോഡ്, പേ ടെല്ലർ എന്നീ വിവരങ്ങളും എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകി.