09 May 2024 Thursday

ഇലക്ടറൽ ബോണ്ട് കേസിൽ ഇന്ന് നിർണായകദിനം; സീരിയൽ നമ്പറുകൾ വെളിപ്പെടുത്തുന്നതിൽ എസ്ബിഐ ഇന്ന് സുപ്രിംകോടതിയിൽ മറുപടി നൽകും

ckmnews


ഇലക്ട്രൽ ബോണ്ട് കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബഞ്ചാണ് കേസ് വീണ്ടും പരിഗണിക്കുക. ഇലക്ടറൽ ബോണ്ട് നമ്പർ പ്രസിദ്ധീകരിക്കണമെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ എസ്ബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കേസിൽ എല്ലാ രേഖകളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട സുപ്രീം കോടതി പ്രസിദ്ധീകരിച്ച രേഖയിൽ സീരിയൽ നമ്പർ ഇല്ലാത്തതെന്തെന്നും ചോദിച്ചു. ഇക്കാര്യത്തിൽ ഇന്ന് ബാങ്ക് കോടതിക്ക് മറുപടി നൽകും. എസ്ബിഐയെ പ്രതിനിധീകരിച്ച് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ബാങ്ക് അഭിഭാഷകന് ഒപ്പം ഇന്ന് സുപ്രീംകോടതിയിൽ ഹാജരാകും എന്നാണ് വിവരം.


കോടതി നിർദ്ദേശത്തെ തുടർന്ന് എസ്ബിഐ കൈമാറിയ കടപത്രത്തിന്റെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. 2019 ഏപ്രിൽ 12 മുതൽ ഓരോ സ്ഥാപനവും വ്യക്തിയും വാങ്ങിയ ഒരു ലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നിങ്ങനെ മൂല്യങ്ങളുള്ള ബോണ്ടുകളുടെ വിവരങ്ങൾ ആയിരുന്നു പ്രസിദ്ധീകരിച്ചത്. സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ രാഷ്ട്രീയപാർട്ടികൾ ബോണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്