09 May 2024 Thursday

കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അജയ് കപൂര്‍ ബിജെപിയില്‍ ചേര്‍ന്നു

ckmnews


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അജയ് കപൂര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് ധാവ്‌ഡെ അജയ് കപൂറിന് പാര്‍ട്ടി അംഗത്വം നല്‍കി. യുപിയിലെ കാണ്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവാണ് അജയ് കപൂര്‍. മൂന്ന് തവണ എംഎല്‍എ ആയിരുന്നു.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 56 കാരനായ അജയ് കപൂര്‍ 2002 ലാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് തുടര്‍ച്ചയായി മൂന്ന് തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചു.

എന്നാല്‍ 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അജയ് കപൂര്‍ കാണ്‍പൂരിലെ കിദ്വായ് നഗര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് തുടരുകയാണ്.