09 May 2024 Thursday

സുധാമൂര്‍ത്തി രാജ്യസഭയിലേക്ക്; നാമനിര്‍ദേശം ചെയ്ത് രാഷ്ട്രപതി

ckmnews



ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ മുന്‍ ചെയര്‍പേഴ്സനും എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തിയെ വനിത ദിനത്തില്‍ രാഷ്ട്രപതി രാജ്യസഭയിലേയ്ക്ക് നാമനിര്‍ദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളില്‍ സുധാ മൂര്‍ത്തിയുടെ വലിയ സംഭാവനകള്‍ പ്രചോദിപ്പിക്കുന്നതാണെന്ന് മോദി വിശേഷിപ്പിച്ചു. സുധാ മൂര്‍ത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം സ്ത്രീശാക്തീകരണത്തിന്‍റെ കരുത്തുറ്റ സാക്ഷ്യപത്രമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങള്‍ക്ക് പാര്‍ട്ടി അംഗത്വം എടുക്കാന്‍ അനുവാദമുള്ളതിനാല്‍ സുധാ മൂര്‍ത്തി ബിജെപിയുടെ ഭാഗമാകുമെന്നാണ് ഉറ്റുനോക്കുന്നത്. രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് കേവലഭൂരിപക്ഷത്തിന് നാല് എംപിമാരുടെ കുറവുണ്ട്.   


ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ.നാരായണ മൂർത്തിയുടെ ഭാര്യയാണ് സുധാമൂര്‍ത്തി. മൂര്‍ത്തി ട്രസ്റ്റിൻ്റെ ചെയർപേഴ്‌സണായി സേവനമനുഷ്ഠിക്കുകയും നിരവധി പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. 2006ൽ പത്മശ്രീ പുരസ്‌കാരവും 2023ൽ പത്മഭൂഷണും നല്‍കി രാജ്യം ആദരിക്കുകയും ചെയ്തു.