09 May 2024 Thursday

ബംഗളുരു ജയിലിൽ തടിയന്റവിടെ നസീറുമായി ബന്ധപ്പെട്ട തീവ്രവാദക്കേസിൽ കേരളം ഉൾപ്പടെ 7 സംസ്ഥാനങ്ങളിൽ NIA റെയ്‌ഡ്‌

ckmnews



ബംഗളുരു ജയിലില്‍ കഴിയുന്ന ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ തടിയന്റവിടെ നസീറുമായി ബന്ധപ്പെട്ട തീവ്രവാദ കേസില്‍ കേരളമുൾപ്പടെ ഏഴ് സംസ്ഥാനങ്ങളിലെ 17 സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എൻഐഎ) റെയ്ഡ് നടത്തി. രാജ്യത്ത് വിവിധ ഇടങ്ങളില്‍ ഭീകരാക്രമണം നടത്തുന്നതിന് പദ്ധതിയിട്ടെന്നാണ് കേസ്.ബംഗളുരു സിറ്റി പോലീസ് ആണ് സംഭവത്തില്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഏഴ് പിസ്റ്റളുകള്‍, നാല് ഗ്രനേഡുകള്‍, ഒരു തിര, 45 ലൈവ് റൗണ്ടുകള്‍, നാല് വോക്കി-ടോക്കി എന്നിവ 2023 ജൂലായില്‍ പിടിച്ചെടുത്തിരുന്നു. 2023 ഒക്ടോബറിലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. കേസുമായി ബന്ധപ്പെട്ട് 2023 ഡിസംബര്‍ 13ന് ചില റെയ്ഡുകളും നടത്തിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ബംഗളുരുവിലെ പ്രശസ്തമായ രാമേശ്വരം കഫെയില്‍ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ടാണോ എന്‍ഐഎ ചൊവ്വാഴ്ച റെയ്ഡ് നടത്തിയതെന്ന് വ്യക്തമല്ല. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട സൂചന ലഭിച്ചതായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. രമേശ്വരം കഫെയില്‍ നടന്ന സ്‌ഫോടനത്തിന്റെ അന്വേഷണവും തിങ്കളാഴ്ച എന്‍ഐഎ ഏറ്റെടുത്തിരുന്നു.


ബംഗളുരു ജയിലിലെ തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തടിയന്റെവിടെ നസീറിനും ഇയാളുടെ കൂട്ടാളികളുമായ എട്ടുപേര്‍ക്കെതിരേ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.


കണ്ണൂര്‍ സ്വദേശിയായ നസീര്‍ 2013 മുതല്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ്. ഇയാള്‍ ജയിലിനുള്ളില്‍ തീവ്രവാദ പരിശീലനം നല്‍കിയ ജുനൈദ് അഹമ്മദ്, സല്‍മാന്‍ ഖാന്‍ എന്നിവര്‍ വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നു. ജയിലുനുള്ളില്‍ നസീറുമായി ബന്ധം സ്ഥാപിച്ച സയിദ് സുഹൈല്‍ ഖാന്‍, മുഹമ്മദ് ഉമര്‍, സാഹിദ് തബ്‌റെസ്, സയിദ് മുദാസിര്‍ പാഷ, മുഹമ്മദ് ഫൈസൽ റബ്ബാനി എന്നിവരും എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നു.

‘തീവ്രവാദികളാക്കി മാറ്റി ഇവരെ ലഷ്‌കര്‍ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെ നസീര്‍ ഇവരുടെ കഴിവുകള്‍ സൂക്ഷ്മമായി വിലയിരുത്തിയിരുന്നു. തീവ്രവാദികളാക്കി മാറ്റിയശേഷം ലഷ്‌കര്‍ ഇ തൊയ്ബയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതായി ജുനൈദിനെയും സല്‍മാനെയും നസീര്‍ റിക്രൂട്ട് ചെയ്തു. അതിന് ശേഷം ബാക്കിയുള്ളവരെ തീവ്രവാദികളാക്കി റിക്രൂട്ട് ചെയ്യാന്‍ നസീര്‍ ജുനൈദുമായി ഗൂഢാലോചന നടത്തി,’’ എന്‍ഐഎ ജനുവരിയില്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.


‘‘ജയില്‍ മോചിതനായ ശേഷം ജുനൈദ് വിദേശത്തേക്ക് കടന്നു. ജയിലിനകത്തും പുറത്തും ലഷ്‌കര്‍ ഇ-തൊയ്ബയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി ജുനൈദ് വിദേശത്ത് നിന്ന് തന്റെ കൂട്ടാളികള്‍ക്ക് പണം അയച്ചുകൊടുത്തു. ഫിയാദീന്‍ ആക്രമണം നടത്താനും കോടതിയിലേക്കുള്ള വഴിയില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാനും നസീറിനെ സഹായിക്കാനുമായി ആയുധങ്ങളും വെടിക്കോപ്പുകളും ഗ്രനേഡുകളും വോക്കി ടോക്കികളും എത്തിച്ചു നല്‍കാനുമായി സല്‍മാനുമായി ഗൂഢാലോചന നടത്തി. ആക്രമണത്തിനായി പോലീസ് തൊപ്പികള്‍ മോഷ്ടിക്കാനും പരിശീലനം എന്ന നിലയില്‍ സര്‍ക്കാര്‍ ബസുകള്‍ക്ക് തീയിടാനും ജുനൈദ് കൂട്ടുപ്രതികള്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍, കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആയുധങ്ങളും മറ്റും പിടിച്ചെടുത്തതോടെ ഗൂഢാലോചന പരാജയപ്പെടുകയായിരുന്നു,’’ എന്‍ഐഎ പറഞ്ഞു.