09 May 2024 Thursday

കർഷകസമരം ആറാം ദിനത്തിലേക്ക്; കേന്ദ്രവുമായി നാലാംവട്ട ചർച്ച ഇന്ന്

ckmnews

ന്യൂഡൽഹി: 'ഡൽഹി ചലോ' മാർച്ച് പ്രഖ്യാപിച്ച കർഷകരുടെ സമരമാരംഭിച്ചിട്ട് ഞായറാഴ്ച ആറുദിവസം പിന്നിടും. പഞ്ചാബിൽനിന്ന് പുറപ്പെട്ട സമരക്കാരെ ഹരിയാണ അതിർത്തിയിൽ പോലീസ് തടഞ്ഞുവെച്ചിരിക്കുകയാണ്. കേന്ദ്രസർക്കാരുമായി ചർച്ചകൾ നടക്കുന്നതിനാൽ കർഷകർ ഇപ്പോൾ മുന്നോട്ടുപോകേണ്ടെന്ന തീരുമാനത്തിലാണ്. നാലാംവട്ട ചർച്ചകൾ ചണ്ഡീഗഢിൽ ഞായറാഴ്ച വൈകീട്ട് നടക്കും. നേരത്തേ നടന്ന മൂന്നു ചർച്ചകളും താങ്ങുവില സംബന്ധിച്ച തർക്കങ്ങളാൽ അലസിപ്പിരിഞ്ഞിരുന്നു.താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നൽകാൻ കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവരണമെന്ന് കർഷകനേതാവ് സർവൻ സിങ് പാന്ഥർ ആവശ്യപ്പെട്ടു. സർക്കാർ വിചാരിച്ചാൽ ഒറ്റരാത്രികൊണ്ട് അതുചെയ്യാം. കാർഷികകടങ്ങൾ എഴുതിത്തള്ളാം. ഞായറാഴ്‌ചത്തെ യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പന്ത് സർക്കാരിന്റെ കളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേറ്റുകളെക്കാൾ ഉത്പാദകർക്കും ഉപഭോക്താക്കൾക്കും സർക്കാർ പ്രാധാന്യം നൽകണമെന്ന് സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗം നേതാവ് ജഗ്ജിത് സിങ് ദല്ലേവാളും ആവശ്യപ്പെട്ടു.