09 May 2024 Thursday

'നിയമപരമായി നേരിടും'; ഭ്രമയുഗം വ്യാജപതിപ്പിൽ പ്രതികരിച്ച് സംവിധായകൻ രാഹുൽ സദാശിവൻ

ckmnews


റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ ഭ്രമയുഗത്തിന്‍റെ വ്യാജ പ്രിന്‍റുകള്‍ ടെലിഗ്രാമില്‍ പ്രചരിക്കുന്നു എന്ന വാർത്തയോട് പ്രതികരിച്ച് സംവിധായകൻ രാഹുൽ സദാശിവൻ. 'വ്യാജപതിപ്പ് ഇതുവരെ ശ്രദ്ധയിൽപെട്ടിട്ടില്ല. ആളുകൾ പറഞ്ഞാണ് ഇക്കാര്യം അറിയുന്നത്. ഞങ്ങളുടെ ശ്രദ്ധയിൽപെട്ടാൽ നിയമപരമായി നേരിടാൻ തന്നെയാണ് തീരുമാനം' രാഹുൽ പറഞ്ഞു.

ഇന്നലെയാണ് ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ഭ്രമയുഗം തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്നതിനിടെയാണ് വ്യാജപതിപ്പുകള്‍ പ്രചരിക്കുന്നു എന്ന തരത്തിൽ വാർത്തകൾ വരുന്നത്. പ്രിൻ്റ് ഫിലിം എന്ന ഐഡിയിൽ നിന്നാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. ഈ മാസം ഒമ്പതിന് തിയേറ്ററുകളിൽ എത്തിയ പ്രേമലു, ടോവിനോ തോമസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും തുടങ്ങിയ ചിത്രങ്ങളുടെയും യാത്ര - 2 എന്ന തമിഴ് ചിത്രത്തിന്റെയും വ്യാജ പതിപ്പും ടെലിഗ്രാമിൽ പ്രചരിക്കുന്നുണ്ട്‌.ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം ഭ്രമയുഗത്തിൽ മമ്മൂട്ടിയ്‌ക്കൊപ്പം പ്രധാന കഥാപാത്രത്തിൽ എത്തുന്നത് അർജുൻ അശോകനാണ്. ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രം കഥ പറയുന്നത്. അത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണവും.

കൊടുമണ്‍ പോറ്റി എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ പകരം വെക്കാനില്ലാത്ത കഥാപാത്രം എന്നാണ് ആരാധകർ പറയുന്നത്. അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ തുടങ്ങിയവരുടെ കഥാപാത്രങ്ങളെയും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.