09 May 2024 Thursday

ഹൈവേകള്‍ അടക്കില്ല; ഭാരത് ബന്ദ് കര്‍ഷകര്‍ക്ക് വേണ്ടി; രാകേഷ് ടികായത്

ckmnews



രാജ്യത്ത് നാളെ നടക്കാനിരിക്കുന്ന ഭാരത് ബന്ദ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തി കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടികായത്ത്. എല്ലാ കര്‍ഷക ഗ്രാമങ്ങളും നിശ്ചലമാകുന്ന ബന്ദ് ഒരു പുതിയ തുടക്കമാണ്. നാളെ കര്‍ഷകര്‍ പണിക്കിറങ്ങില്ലെന്നും കൃഷിയുമായി ബന്ധപ്പെട്ട ഒരു പ്രവൃത്തിയും നാളെ നടക്കില്ലെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് പറഞ്ഞു. ഭാരത് ബന്ദ് നടത്തുന്നത് രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടിയാണെന്നും ഹൈവേകള്‍ അടപ്പിക്കില്ലെന്നും രാകേഷ് ടികായത് കൂട്ടിച്ചേര്‍ത്തു.


‘ഞങ്ങള്‍ക്കൊപ്പം എത്ര പേരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാകുന്ന ദിനമായിരിക്കും നാളെ. ചിലര്‍ നാളെ ഉച്ചമുതല്‍ കടകള്‍ അടയ്ക്കും. ചിലര്‍ ഉച്ചവരെ കടകള്‍ പ്രവര്‍ത്തിപ്പിക്കും. ഇങ്ങനെയൊക്കെയാണ് പറയുന്നത്. എങ്ങനെയാണെങ്കിലും വലിയ ജനപങ്കാളിത്തമാണ് ബന്ദിനുണ്ടാകാന്‍ പോകുന്നത്’. രാകേഷ് ടികായത് പറഞ്ഞു. 2020ല്‍ നടന്ന കര്‍ഷക സമരത്തിന് നേതൃനിരയിലുണ്ടായിരുന്ന നേതാവാണ് രാകേഷ്.


ഡല്‍ഹിയില്‍ പുരോഗമിക്കുന്ന ചലോ ഡല്‍ഹി മാര്‍ച്ചില്‍ സംഘടന നേരിട്ട് പങ്കെടുക്കുന്നില്ലെങ്കിലും സംയുക്ത കിസാന്‍ മോര്‍ച്ച നേതൃത്വം നല്‍കുന്ന ഭാരത് ബന്ദിന് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. നാളെ രാവിലെ ആറിന് ആരംഭിക്കുന്ന ഭാരത് ബന്ദ് വൈകിട്ട് നാല് വരെയാണ്. കര്‍ഷക ചന്തകള്‍ പ്രവര്‍ത്തിക്കില്ല. ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ വൈകിട്ട് വരെ കര്‍ഷകര്‍ നടുറോഡിലിറങ്ങി പ്രതിഷേധിക്കും.