09 May 2024 Thursday

താജ്മഹലിലെ ഉറൂസ് തടയണം; കോടതിയെ സമീപിച്ച് ഹിന്ദുമഹാസഭ

ckmnews



താജ്മഹലില്‍ ഉറൂസ് നടത്തരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയുമായി ഹിന്ദുമഹാസഭ. ആഗ്ര കോടതിയിലാണ് ഹിന്ദു മഹാസഭ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ ഉറൂസ് ഫെബ്രുവരി ആറ് മുതല്‍ എട്ട് വരെ നടക്കാനിരിക്കെയാണ് ഹര്‍ജിയുമായി ഹിന്ദുമഹാസഭ രംഗത്തെത്തിയിരിക്കുന്നത്.

താജ്മഹല്‍ പൈതൃക സ്മാരകങ്ങളുടെ പട്ടികയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉറൂസിനെതിരെ ഹിന്ദു മഹാസഭ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇങ്ങനെയൊരു സ്മാരകത്തില്‍ മതപരമായ ആചാരങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നാണ് ഹര്‍ജിയിലൂടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പ്രാചീനമായ ഹിന്ദു മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ചില തെളിവുകളും രേഖകളും തങ്ങളുടെ പക്കലുണ്ടെന്നാണ് ഹിന്ദു മഹാസഭയുടെ അവകാശവാദം.

ഉറൂസ് നടത്തുന്നത് തടയാന്‍ കോടതി നിരോധന ഉത്തരവിറക്കണമെന്നാണ് ഹിന്ദുമഹാസഭയുടെ ആവശ്യം. ഉറൂസിന്റെ ഭാഗമായി താജ്മഹലില്‍ സൗജന്യ പ്രവേശനം അനുവദിക്കുന്നതിനേയും ഹിന്ദുമഹാസഭ കോടതിയില്‍ ചോദ്യം ചെയ്തു. താജ്മഹലില്‍ നടക്കുന്ന ഉറൂസിനെതിരെ ഹിന്ദുമഹാസഭ ദീര്‍ഘകാലമായി എതിര്‍പ്പ് അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ വിഷയം അവര്‍ കോടതിയ്ക്ക് മുന്നിലെത്തിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. മാര്‍ച്ച് 4ന് കോടതി വാദം കേള്‍ക്കും.