09 May 2024 Thursday

മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന് അഞ്ചാം തവണയും ഇ ഡി നോട്ടീസ്

ckmnews


ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇ ഡി നോട്ടീസ്. ഇത് അഞ്ചാമത്തെ തവണയാണ് ഇ ഡി നോട്ടീസ് അയയ്ക്കുന്നത്. വെള്ളിയാഴ്ച ഹാജരാകാനാണ് നിര്‍ദേശം. നേരത്തെ നാല് തവണ നോട്ടീസ് നല്‍കിയിട്ടും കെജ്‌രിവാള്‍ ഇ ഡിക്ക് മുന്‍പില്‍ ഹാജരായിരുന്നില്ല.

ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജനുവരി 18നാണ് ഇ ഡി നാലാം തവണ കെജ്‌രിവാളിന് നോട്ടീസ് അയച്ചത്. ജനുവരി മൂന്നിന് ഇഡിക്ക് മുന്നില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് അയച്ചിരുന്നെങ്കിലും കെജ്‌രിവാള്‍ ഹാജരായില്ല. കെജ്‌രിവാളിനോട് നവംബര്‍ രണ്ടിനും ഡിസംബര്‍ 21നും ഹാജരാകാന്‍ ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അതിനും ഹാജരായിരുന്നില്ല. രാഷ്ട്രീയ പ്രേരിതമാണെന്നെന്ന് ആരോപിച്ച് കെജ്‌രിവാള്‍ ഈ നോട്ടീസുകള്‍ തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നോട്ടീസ് അയച്ചത്.

അതേസമയം ഭൂമി കുംഭകോണക്കേസില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇന്ന് ഇ ഡി ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ജോലിക്ക് പകരം ഭൂമി കോഴക്കേസില്‍ ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന തേജസ്വി യാദവിനെയും ലാലു പ്രസാദ് യാദവിനെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ പാര്‍ടി നേതാവായ അരവിന്ദ് കെജ്‌രിവാളിനെതിരെയും ഇ ഡി നോട്ടീസ് അയച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ വേട്ടയാടലുകളുടെ ഭാഗമായാണ് ഇ ഡിയുടെ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം.