09 May 2024 Thursday

ചിത്രകഥ പോലെ സുന്ദരവും ഭ്രമാത്മകവും; ക്ലാസ് 'മലൈക്കോട്ടൈ വാലിബൻ'

ckmnews


ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം. മലയാളസിനിമ അടുത്തിടെ കണ്ട, കേട്ട ഏറ്റവും വലിയ ഹൈപ്പുള്ള ചിത്രമായി മാറാൻ മലൈക്കോട്ടൈ വാലിബന് ഈയൊരു കാര്യം മാത്രം മതിയായിരുന്നു. പുറത്തുവന്ന ടീസറുകളും പോസ്റ്ററുകളും അഭിമുഖങ്ങളുമെല്ലാം ആ പ്രതീക്ഷയെ ഊട്ടിയുറപ്പിച്ചു. ആരാണ് വാലിബൻ? എന്താണ് അയാളുടെ പശ്ചാത്തലം? എന്നെല്ലാമാണ് മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിലൂടെ ലിജോ ജോസ് പെല്ലിശ്ശേരിയും തിരക്കഥാകൃത്ത് പി.എസ്. റഫീഖും പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

ഒരു സിനിമ പുറത്തിറങ്ങുമ്പോൾ അതിന് മുന്നോടിയായി വരുന്ന ടീസറുകളും ട്രെയിലറുകളുമെല്ലാം കാണുമ്പോൾ ചിത്രം ഏത് ജോണറിൽപ്പെടുന്നതാണെന്ന് ഏകദേശം ഒരു ധാരണയുണ്ടാവും. എന്നാൽ നമ്മൾ മനസിൽക്കാണുന്ന ജോണറുകൾ ഒന്നുമല്ല മലൈക്കോട്ടൈ വാലിബൻ എന്നതാണ് സത്യം. ഫാന്റസിയുടേയും റിയാലിറ്റിയുടേയും ഘടകങ്ങൾ ഒരേപോലെ ചിത്രത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. ചിലനേരത്ത് ഒരു മുത്തശ്ശിക്കഥപോലെ സുന്ദരം. മറ്റുചിലപ്പോളാകട്ടെ ഭ്രമാത്മകവും. മാറാനുദ്ദേശിക്കുന്നില്ലെന്ന് ലിജോ വിളിച്ചുപറയുന്നുണ്ട് ഓരോ ഫ്രെയിമിലും.

നാടോടിക്കഥകൾ പറയുന്ന ശൈലിയിലാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. കഥകളിൽ മാത്രം കേൾക്കുന്നതരം പേരുകളാണ് സ്ഥലങ്ങൾക്കും കഥാപാത്രങ്ങൾക്കും. പീരിയോഡിക് സിനിമകൾക്ക് സമാനമാണ് കഥാപശ്ചാത്തലം. മല്ലയുദ്ധത്തിൽ പങ്കെടുത്ത് തോൽവിയറിയാതെ നാടുകൾതോറും സഞ്ചരിക്കുന്നയാളാണ് വാലിബൻ. അയ്യനാർ എന്ന വളർത്തച്ഛനും ചിന്നൻ എന്ന സഹോദരനുമാണ് ഈ യാത്രയിൽ വാലിബനൊപ്പമുള്ളത്. ഈ യാത്രയിൽ ഒരിടത്തുവെച്ച് വാലിബനും സംഘത്തിനും നേരിടേണ്ടിവരുന്ന അത്യന്തം സംഘർഷാത്മകമായ സംഭവവികാസങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.  ജോണറിലും അവതരണശൈലിയിലുമുൾപ്പെടെ ലിജോ തന്റെ പരീക്ഷണം തുടരുകയാണ്. പ്രത്യേകിച്ച് ഒരു ജോണറിലും ഉൾപ്പെടുത്താൻ സാധിക്കാത്ത ചിത്രം ഒരേസമയം കൗതുകപ്പെടുത്തുകയും ആവേശംകൊള്ളിക്കുകയും ചെയ്യുന്നുണ്ട്. രാജസ്ഥാനാണ് ഷൂട്ടിങ് ലൊക്കേഷനെങ്കിലും സാങ്കല്പികമായ ഒരിടത്താണ് സംഭവങ്ങളെല്ലാം നടക്കുന്നതെന്ന് സ്ഥാപിക്കുന്നതിൽ അണിയറപ്രവർത്തകർ വിജയിച്ചിട്ടുണ്ട്. മധു നീലകണ്ഠന്റെ വൈഡ് ഫ്രെയിമുകളും പ്രശാന്ത് പിള്ളയുടെ സം​ഗീതവിഭാ​ഗവും മികവുറ്റതായിരുന്നു. പോർച്ചു​ഗീസ് പട്ടാളവുമായുള്ള ഏറ്റുമുട്ടൽ രം​ഗങ്ങളിൽ പ്രശാന്ത് പിള്ളയൊരുക്കിയ പശ്ചാത്തലസം​ഗീതം പ്രേക്ഷകനിൽ ആവേശം നിറയ്ക്കുന്നതായി.

താരപ്രകടനങ്ങളിലേക്കുവന്നാൽ വാലിബനായി പകർന്നാടുകയായിരുന്നു മോഹൻലാൽ. താരം തന്റെ കരിയറിൽ ഇതുവരെ ചെയ്ത വ്യത്യസ്തമായ വേഷപ്പകർച്ചയായിരുന്നു അതീവ ശക്തനായ വാലിബൻ. അയ്യനാരായി ഹരീഷ് പേരടിയും ചമതകൻ എന്ന വില്ലൻ കഥാപാത്രമായി ഡാനിഷ് സേത്തും ​ഗംഭീര പ്രകടനമാണ് നടത്തിയത്. സൊണാലി കുൽക്കർണി, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി എന്നിവരും കഥാപാത്രങ്ങളോട് നീതിപുലർത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

ബി​ഗ് സ്ക്രീനിൽ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ഒരു മനോഹരമായ ചിത്രകഥ എന്ന് വാലിബനെ വിശേഷിപ്പിച്ചാൽ തെറ്റുപറയാനാവില്ല. വ്യത്യസ്തമായ ചിത്രങ്ങളാൽ സമ്പന്നമായ മലയാള സിനിമയിലെ അതി​ഗംഭീരമായ പരീക്ഷണമാണ് മലൈക്കോട്ടൈ വാലിബൻ.