09 May 2024 Thursday

ന്യായ് യാത്രയ്ക്കിടെ സംഘ‍ർഷം; രാഹുലിനെതിരെ കേസെടുത്തതിൽ രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്

ckmnews


ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിൽ ഉണ്ടായ സംഘർഷത്തിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കേസ് എടുത്തതിൽ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്. രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ല കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കനയ്യ കുമാര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍, അക്രമം, പ്രകോപനം സൃഷ്ടിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് നേതാക്കൾക്കെതിരെ കേസെടുത്തത്. ഭാരത് ജോഡോ യാത്രക്കിടെ പ്രകോപനം സൃഷ്ടിച്ചെന്നാരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ ഹിമന്ദ ബിശ്വശര്‍മ്മ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെയായിരുന്നു നടപടി. ഗുവാഹത്തിയില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ചത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കാന്‍ ഡിജിപിയോട് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ ബാർപേട്ടയിൽ നിന്ന് പര്യടനം ആരംഭിക്കും. കാറിലും ബസിലും കാൽനടയുമായാണ് ഇന്നത്തെ യാത്ര. ബാർഗണ്ഡയിൽ പൊതുസമ്മേളനത്തെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്ത് സംസാരിക്കും.