09 May 2024 Thursday

‘അവധി നുഴഞ്ഞുകയറ്റത്തിനുള്ള ആര്‍എസ്എസ് അജണ്ട’; ബഹിഷ്കരണത്തിന് യൂണി. യൂണിയന്‍

ckmnews



അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് അനുവദിച്ച അവധിക്കെതിരെ മൗലാന ആസാദ് നാഷ്ണല്‍ ഉറുദു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍. രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിവിധ സര്‍വകലാശാലകള്‍ക്കും അര്‍ധദിനാവധി പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നുഴ​ഞ്ഞുകയറാനും കാവിവല്‍ക്കരണം നടത്താനുമുള്ള ബിജെപി സര്‍ക്കാരിന്‍റെ ശ്രമത്തിന്‍റെ ഭാഗമാണ് ഈ നീക്കമെന്നു യൂണിയന്‍ നേതാവ് മതീന്‍ അഷ്റഫ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.  ഈ നീക്കം ഇന്ത്യയുടെ മതേതര ധാര്‍മികതക്കു വിരുദ്ധമാണെന്നും ഭരണ ഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ മൂല്യങ്ങള്‍ക്കു ഭീഷണി ഉയര്‍ത്തുന്നതാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വാധീനം ചെലുത്തി ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള ആര്‍.എസ്.എസ് അജണ്ടയെ പ്രതിഫലിപ്പിക്കുന്നതാണു സര്‍ക്കാരിന്‍റെ നീക്കങ്ങള്‍. അക്കാദമിക് സ്ഥാപനങ്ങള്‍ അഭിവൃദ്ധിപ്പെടുന്നതു സ്വയംഭരണത്തിലും സ്വതന്ത്ര ചിന്തയിലും സഹിഷ്ണുതയിലും ബഹുസ്വര സമീപനത്തിലുമാണ്. ഹിന്ദുത്വ ആശയങ്ങളുമായുള്ള കൂടിച്ചേരല്‍ സര്‍വകലാശാലയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരായ ഭീഷണിയാണെന്നും പ്രസ്താവനയില്‍ പറയുന്നു.ഉറുദു യൂണിവേഴ്സിറ്റിയുടെ  നിര്‍വചനമായ വൈവിധ്യത്തിന്‍റേയും ഉള്‍ക്കൊള്ളലിന്‍റേയും അക്കാദമിക് സ്വാതന്ത്ര്യത്തിന്‍റേയും മൂല്യങ്ങളെ ഉയര്‍ത്തിപിടിക്കണമെന്ന് യൂണിയന്‍ സര്‍വകാലാശാല അഡ്മിനിസ്ട്രേഷനോട് അഭ്യര്‍ത്ഥിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മതേതര സ്വഭാവത്തോടു വിട്ടുവീഴ്ച ചെയ്യുന്ന ഏതു ശ്രമത്തേയും തടയണമെന്നും വിദ്യാര്‍ത്ഥി സമൂഹത്തോടും അധ്യാപകരോടും പൗരന്മാരോടും അഭ്യര്‍ത്ഥിച്ച യൂണിയന്‍, ജനുവരി 22നു ക്ലാസുകള്‍ ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്തു. 1992 ഡിസംബര്‍ 6ന് ഹിന്ദുത്വവാദികള്‍ തകര്‍ത്ത ബാബറി മസ്ജിദിനോടുള്ള ഐക്യദാര്‍ഢ്യമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു