09 May 2024 Thursday

ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു; 79 വിമാനങ്ങൾ റദ്ദാക്കി

ckmnews


ന്യൂഡല്‍ഹി: ഉത്തരേന്ത്യയിൽ ജന ജീവിതം ദുസ്സഹമാക്കി അതിശൈത്യം തുടരുന്നു. തണുപ്പിൻ്റെ കാഠിന്യം ഏറ്റവും വർധിച്ച ദിവസങ്ങളിലൂടെയാണ് ഉത്തരേന്ത്യ കടന്നു പോകുന്നത്. റെയിൽ റോഡ് വ്യോമ ഗതാഗതത്തെ മൂടൽ മഞ്ഞ് പ്രതികൂലമായി ബാധിച്ചു. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 79 വിമാനങ്ങൾ റദ്ദാക്കി. മണിക്കൂറുകളാണ് യാത്രക്കാർക്ക് വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നത്.

മൂടൽമഞ്ഞിനെ തുടർന്ന് ദില്ലി ഗോവ ഇൻഡിഗോ വിമാനം വൈകുമെന്ന് അനൗൺസ് ചെയ്യുന്നതിനിടെ പൈലറ്റിനെ യാത്രക്കാരൻ മർദിച്ചു. സഹിൽ കടാരിയ എന്ന യാത്രികനാണ് മർദിച്ചത്. ഇയാൾക്കെതിരെ ഇൻഡിഗോ പരാതി നൽകി. ഡല്‍ഹിയിലേക്കുള്ള 18 ട്രെയിനുകളും വൈകി. സംഭവത്തിൽ വ്യോമയാന സുരക്ഷ ഏജൻസി അന്വേഷണം ആരംഭിച്ചു.


ശനി, ഞായർ ദിവസങ്ങളിൽ ഇൻഡിഗോ വിമാനങ്ങൾ വൈകിയതുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തണമെന്ന് തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഹ് ലെ വ്യോമയാന മന്ത്രാലയത്തിന് കത്ത് നൽകി. വരും ദിവസങ്ങളിലും ശൈത്യ തരംഗം തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.