09 May 2024 Thursday

ഇന്ന് ദേശീയ യുവജന ദിനം: യുവാക്കൾക്ക് എക്കാലവും പ്രചോദനമായ് സ്വാമി വിവേകാനന്ദൻ

ckmnews


പ്രമുഖ തത്ത്വചിന്തകനും ആത്മീയ നേതാവുമായ സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജന ദിനമായാണ് ആചരിക്കുന്നത്. 1863 ജനുവരി 12ന് കൊൽക്കത്തയിലെ ഒരു സമ്പന്ന ബംഗാളി കുടുംബത്തിൽ വിശ്വനാഥ് ദത്തയുടെയും ഭുവനേശ്വരി ദേവിയുടെയും എട്ട് മക്കളിൽ ഒരുവനായാണ് വിവേകാനന്ദൻ ജനിച്ചത്.

വേദാന്തങ്ങളും യോഗയും ഇന്ത്യൻ തത്ത്വചിന്തകളും പാശ്ചാത്യ ലോകത്തിന് പരിചയപ്പെടുത്തുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. ഇന്ത്യയിലെ യുവാക്കൾ എങ്ങനെ കഠിനാധ്വാനം ചെയ്യണമെന്നും രാജ്യത്തിന്റെ വികസനത്തിന് എങ്ങനെ സംഭാവന നൽകണമെന്നുമുള്ള അദ്ദേഹത്തിന്റെ ആശയങ്ങളാണ് ഈ ദേശീയ യുവജനദിനത്തിൽ അനുസ്മരിക്കുന്നത്.

1984ലാണ് സ്വാമി വിവേകാനന്ദന്റെ ജന്മദിനം ദേശീയ യുവജനദിനമായി ആഘോഷിക്കാൻ സർക്കാർ തീരുമാനിച്ചത്. അന്നു മുതൽ, സ്വാമി വിവേകാനന്ദന്റെ ജീവിതരീതി, ചിന്തകൾ എന്നിവ യുവാക്കൾക്ക് പ്രചോദനമാകുന്നതിന് വേണ്ടി എല്ലാ വർഷവും ഈ ദിനം ആഘോഷിക്കുന്നു.


ഈ ദിനത്തിൽ രാമകൃഷ്ണ മഠത്തിന്റെയും രാമകൃഷ്ണ മിഷന്റെയും കേന്ദ്രങ്ങളിൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. സ്കൂളുകളിലും കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഈ ദിവസം സംവാദങ്ങൾ, മത്സരങ്ങൾ, സെമിനാറുകൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.


27-ാമത് ദേശീയ യുവജനോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ് മഹാരാഷ്ട്ര. എല്ലാ വർഷവും ജനുവരി 12 മുതൽ 16 വരെ നടക്കുന്ന ഈ യുവജനോത്സവം നാസിക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.