09 May 2024 Thursday

അയോധ്യ പ്രതിഷ്ഠാ ചടങ്ങ്; 'ആദരവോടെ ക്ഷണം നിരസിക്കുന്നു'; ചടങ്ങിലേക്കില്ലെന്ന് കോൺഗ്രസ്

ckmnews


ദില്ലി: ഈ മാസം 22ന് നടക്കുന്ന അയോധ്യ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് കോൺഗ്രസ്. ചടങ്ങിലേക്കുള്ള ക്ഷണം കിട്ടിയ കോണ്‍ഗ്രസ് നേതാക്കൾ പങ്കെടുക്കില്ലെന്നാണ് കോൺ​ഗ്രസിൻ്റെ തീരുമാനം. ആദരവോടെ ക്ഷണം നിരസിക്കുന്നുവെന്നും കോൺ​ഗ്രസ് അറിയിച്ചു. കോൺ​ഗ്രസ് നേതാക്കളായ സോണിയ ​ഗാന്ധി, മല്ലികാർജുൻ ഖാർ​ഗെ, അധിർ‌ രഞ്ജൻ ചൗധരി എന്നിവർക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. എന്നാൽ ഇവർ പങ്കെടുക്കുന്ന കാര്യത്തിൽ ഇതുവരേയും തീരുമാനമെടുത്തിരുന്നില്ല. ആദ്യഘട്ടത്തിൽ പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെയിരുന്നുവെങ്കിലും 'ഇന്ത്യ' സഖ്യത്തിലെ സമ്മർദ്ദത്തെ തുടർന്ന് പ്രതിസന്ധിയിലാവുകയായിരുന്നു. തുടർന്നാണ് നേതാക്കൾ പങ്കെടുക്കില്ലെന്ന കാര്യത്തിൽ വ്യക്തമായ അഭിപ്രായം കോൺ​ഗ്രസ് പറയുന്നത്.

അയോധ്യ പ്രതിഷ്ഠാ ചടങ്ങ് ബിജെപിയുടെയും ആർ എസ് എസിൻ്റെയും പരിപാടിയാണ്. മതവിശ്വാസം വ്യക്തിപരമായ കാര്യമാണ്. ആർഎസ്എസും ബിജെപിയും അയോധ്യയെ രാഷ്ട്രീയ പദ്ധതിയാക്കിയെന്നും കോൺ​ഗ്രസ് പറയുന്നു. നിർമാണം പൂർത്തിയാക്കും മുൻപുള്ള ഉദ്ഘാടനം തെരഞ്ഞെടുപ്പ് നേട്ടത്തിനാണ്. അയോധ്യയിലെ സുപ്രീംകോടതി വിധി മാനിച്ചും രാമഭക്തരുടെ വികാരം മാനിച്ചുമാണ് തീരുമാനമെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.

കോൺ​ഗ്രസിന് ക്ഷണം ലഭിച്ച വിവരം ആദ്യം പുറത്തു വിടുന്നത് ദ്വിഗ് വിജയ് സിംഗാണ്. ക്ഷണം സോണിയ ​ഗാന്ധി സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചെന്നും സോണിയയോ അല്ലെങ്കിൽ അവർ നിർദ്ദേശിക്കുന്ന സംഘമോ അയോ​ധ്യയിലേക്ക് പോകുമെന്നും ദ്വി​ഗ് വിജയ്സിം​ഗ് പറഞ്ഞിരുന്നു. അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കണമെന്ന നിലപാടാണ് ദ്വി​ഗ് വിജയ്സിം​ഗ് ഉന്നയിക്കുന്നത്. പിന്നീട് കോൺ​ഗ്രസ് പങ്കെടുക്കുമെന്ന വാർത്തകൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. ഇന്ത്യസഖ്യത്തിലുൾപ്പെടെ സമ്മർദ്ദം ശക്തമായി. അതിനിടയിലാണ് വീണ്ടും പ്രതിഷ്ഠാദിനത്തെ കുറിച്ച് പരാമർശവുമായി ദ്വി​ഗ് വിജയ്സിം​ഗ് വീണ്ടും രം​ഗത്തെത്തി. ശ്രീരാമൻ ഹൃദയത്തിലുണ്ട്. എന്നാൽ വിശ്വാസം മനസ്സിലുള്ള ആർക്കും ചടങ്ങിൽ പങ്കെടുക്കാമെന്ന് ദ്വിദ് വിജയ്സിംങ് പറഞ്ഞിരുന്നു. പഴയവി​ഗ്രഹം എന്ത് കൊണ്ട് ഉപേക്ഷിക്കുന്നുവെന്നും പുതിയ വി​ഗ്രഹം എന്തുകൊണ്ടാണെന്നും ചോദിച്ച ദ്വി​ഗ് വിജയ്സിം​ഗ് ചടങ്ങ് രാഷ്ട്രീവൽക്കരിക്കുകയാണെന്നും പറഞ്ഞു.