09 May 2024 Thursday

അയോധ്യയിലെ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി; രണ്ട് പേർ അറസ്റ്റിൽ‌, ഐഎസ്ഐ ബന്ധമെന്ന് പൊലീസ്

ckmnews



ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രം ബോംബ് വച്ചു തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. ഉത്തർപ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

തഹർ സിങ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. സുബൈർ ഖാൻ എന്നയാളാണ് ബോംബ് ഭീഷണി ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. ഇയാൾക്ക് പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അറസ്റ്റിലായവർ യുപിയിലെ ഗോണ്‍ഡ സ്വദേശികളും പാരാമെഡിക്കല്‍ സ്ഥാപനത്തിലെ ജീവനക്കാരുമാണ്.

എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്, എസ്ടിഎഫ് മേധാവി അമിതാഭ് യാഷ്, അയോധ്യയിലെ രാമക്ഷേത്രം എന്നിവയ്ക്കുനേരെ പ്രതികൾ ഭീഷണി മുഴക്കിയത്. @iDevendraOffice എന്ന എക്സ് ഹാൻഡിലിൽ നിന്നാണ് പോസ്റ്റ് വന്നത്. ഭീഷണി സന്ദേശം അയയ്ക്കാനായി രണ്ട് ഇമെയിൽ ഐഡികളാണ് ഉപയോഗിച്ചതെന്ന് എസ്ടിഎഫ് പറഞ്ഞു. അറസ്റ്റിലായവരിൽ നിന്ന് ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. മെയില്‍ ഐഡികള്‍ ഉണ്ടാക്കിയത് തഹര്‍ സിങ് ആണെന്നും ക്ഷേത്രം ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയത് ഓം പ്രകാശ് മിശ്രയാണെന്നും സാങ്കേതിക പരിശോധനയില്‍ വ്യക്തമായതായി അധികൃതര്‍ അറിയിച്ചു.