09 May 2024 Thursday

രജനികാന്തിന് അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിലേക്ക് ഔദ്യോഗിക ക്ഷണം

ckmnews


ജനുവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്തിന് ക്ഷണമെത്തി. അയോധ്യ രാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന് വേണ്ടി ബിജെപി നേതാവ് അര്‍ജുന മൂര്‍ത്തിയും ആര്‍എസ്എസ് നേതാക്കളും ചേര്‍ന്ന് ക്ഷണക്കത്ത് കൈമാറി. ചടങ്ങിലേക്ക് രജനിയെയും കുടുംബത്തെയും ക്ഷണിച്ചതായി അര്‍ജുന മൂര്‍ത്തി എക്സ് പ്ലാറ്റ്ഫോമില്‍ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.

ഇന്നത്തെ സംഭവം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു! ഞാൻ നമ്മുടെ പ്രിയ നേതാവ് ശ്രീ രജനികാന്തിനെ അദ്ദേഹത്തിന്റെ വസതിയിൽ ആർഎസ്എസ് ഭാരവാഹികൾക്കൊപ്പം കാണുകയും അദ്ദേഹത്തെയും കുടുംബത്തെയും അയോധ്യ രാമജന്മഭൂമി തീർത്ഥക്ഷേത്രത്തിന്റെ പേരിൽ ജനുവരി 22-ന് നടക്കുന്ന അയോധ്യ കുംഭാഭിഷേക പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്തു’- അര്‍ജുന മൂര്‍ത്തി കുറിച്ചു.

രജനികാന്തിന് പുറമെ സിനിമാ താരങ്ങളായ അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അനുപം ഖേർ, അക്ഷയ് കുമാർ, പ്രമുഖ സംവിധായകരായ രാജ്കുമാർ ഹിരാനി, സഞ്ജയ് ലീല ബൻസാലി, രോഹിത് ഷെട്ടി, നിർമ്മാതാവ് മഹാവീർ ജെയിൻ എന്നിവരുൾപ്പെടെയുള്ള വ്യക്തികൾക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. ചിരഞ്ജീവി, മോഹൻലാൽ, ധനുഷ്, റിഷബ് ഷെട്ടി എന്നി ദക്ഷിണേന്ത്യന്‍ താരങ്ങളെയും ചടങ്ങിലേക്ക് ക്ഷണിക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിലേക്ക് നാലായിരത്തോളം സന്യാസിമാരെയും ട്രസ്റ്റ് ക്ഷണിച്ചിട്ടുണ്ട്.

അതേസമയം അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠക്കായുള്ള ശ്രീരാമവി​ഗ്രഹം തിരഞ്ഞെടുത്തു. പ്രശസ്ത ശില്‍പിയും മൈസൂരു സ്വദേശിയുമായ അരുൺ യോ​ഗിരാജ് തയ്യാറാക്കിയ വിഗ്രഹമാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുക.