09 May 2024 Thursday

വിലാപയാത്രയ്ക്കെത്തിയത് 15 ലക്ഷം പേർ, വിജയകാന്തിന് അന്ത്യാഞ്ജലി

ckmnews


ചെന്നൈ: ഡി.എം.ഡി.കെ. സ്ഥാപകനും മുൻ പ്രതിപക്ഷ നേതാവും നടനുമായ വിജയകാന്തിന് ജനലക്ഷങ്ങളുടെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. ഔദ്യോഗിക ബഹുമതികളോടെ വെള്ളിയാഴ്ച വൈകീട്ട് ആറരയ്ക്ക് ചെന്നൈ കോയമ്പേടുള്ള ഡി.എം.ഡി.കെ. ആസ്ഥാന വളപ്പിലായിരുന്നു സംസ്കാരം. വിജയകാന്തിന്റെ കുടുംബത്തിന്റെ അഭ്യർഥന മാനിച്ച് പാർട്ടി ആസ്ഥാനത്ത് സംസ്കാരച്ചടങ്ങുകൾക്ക് ചെന്നൈ കോർപ്പറേഷൻ പ്രത്യേക അനുമതി നൽകുകയായിരുന്നു. ഭാര്യയും ഡി.എം.ഡി.കെ. ജനറൽ സെക്രട്ടറിയുമായ പ്രേമലതയുടെ സാന്നിധ്യത്തിൽ മക്കളായ ഷൺമുഖ പാണ്ഡ്യനും വിജയ് പ്രഭാകരനും അന്ത്യകർമങ്ങൾ നടത്തി

വെള്ളിയാഴ്ച രാവിലെ മറീന കടൽക്കരയ്ക്കടുത്ത ഐലൻഡ് ഗ്രൗണ്ടിൽ പൊതുദർശനത്തിനു വെച്ചപ്പോഴേക്കും സിനിമാ പ്രവർത്തകരും രാഷ്ട്രീയനേതാക്കളും പൊതുജനങ്ങളുമുൾപ്പെടെയുള്ളവർ അന്ത്യോപചാരം അർപ്പിക്കാൻ ഒഴുകിയെത്തി.

ഗവർണർ ആർ.എൻ. രവി, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ, പുതുച്ചേരി ലെഫ്. ഗവർണർ തമിഴിസൈ സൗന്ദർരാജൻ, മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം, തമിഴ് മാനില കോൺഗ്രസ് അധ്യക്ഷൻ ജി.കെ. വാസൻ, നടന്മാരായ രജനീകാന്ത്, കമൽഹാസൻ, പ്രഭു, പാർഥിപൻ, ഭാഗ്യരാജ്, ഖുശ്ബു തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.  സൗഹൃദത്തിന്റെ മഹത്തായ മാതൃകയായിരുന്നു വിജയകാന്തെന്ന് രജനീകാന്ത് പറഞ്ഞു. ‘‘സുഹൃത്തുക്കളോടും രാഷ്ട്രീയക്കാരോടും മാധ്യമങ്ങളോടുമെല്ലാം ചിലപ്പോൾ ദേഷ്യപ്പെടാറുള്ള അദ്ദേഹത്തോട് ആരും തിരിച്ചു ദേഷ്യപ്പെട്ടില്ല. വിജയകാന്തിന്റെ ദേഷ്യത്തിനുപിന്നിൽ ന്യായമായ കാരണങ്ങളുണ്ടാകുമെന്നതാണ് അതിനു കാരണം’’ -രജനീകാന്ത് പറഞ്ഞു. ലാളിത്യം, സൗഹൃദം, കഠിനാധ്വാനം, കൃതജ്ഞത തുടങ്ങിയ ഗുണങ്ങൾ ഒത്തുചേർന്ന ഒരാളെ വിശേഷിപ്പിക്കാൻ കഴിയുമെങ്കിൽ അത് വിജയകാന്തായിരിക്കുമെന്നും താൻ അദ്ദേഹത്തിന്റെ ദേഷ്യത്തിന്റെ കൂടി ആരാധകനാണെന്നും കമൽ പറഞ്ഞു.