09 May 2024 Thursday

ഖാലിസ്ഥാൻ നേതാവ് ലഖ്ബീർ സിംഗ് ലാൻഡയെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്രം

ckmnews


കാനഡ ആസ്ഥാനമായുള്ള ഗുണ്ടാനേതാവ് ലഖ്ബീർ സിംഗ് ലാൻഡയെ ഭീകരനായി പ്രഖ്യാപിച്ചു. ഭീകരവിരുദ്ധ നിയമമായ യുഎപിഎ പ്രകാരമാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ നടപടി. 2021ൽ മൊഹാലിയിലെ പഞ്ചാബ് പൊലീസ് ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൻ്റെ മുഖ്യസൂത്രധാരനാണ് 33 കാരനായ ലാൻഡ.

1989ൽ പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ ജനിച്ച ലാൻഡ, 2017 ലാണ് കാനഡയിലേക്ക് പലായനം ചെയ്തത്. കുപ്രസിദ്ധ ഖാലിസ്ഥാനി ഗ്രൂപ്പായ ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ അംഗമാണ് ഇയാൾ. കൂടാതെ പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാനേതാവ് ഹർവിന്ദർ സിംഗുമായി ലാൻഡയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ ഇന്ത്യയിൽ നിരവധി കേസുകളുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


തീവ്രവാദ ഘടകങ്ങളുടെ രൂപീകരണം, കൊള്ളയടിക്കൽ, കൊലപാതകം, ഐഇഡി സ്ഥാപിക്കൽ, ആയുധങ്ങളും മയക്കുമരുന്നുകളും കടത്തൽ ഭീകരവാദ ഫണ്ടിംഗ് തുടങ്ങിയ വിവിധ ക്രിമിനൽ കേസുകളിൽ ലാൻഡ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ വിജ്ഞാപനത്തിൽ പറയുന്നു. സിഖ് ഫോർ ജസ്റ്റിസിന്റെ ഗുർപത്വന്ത് സിംഗ് പന്നൂൻ, ഖാലിസ്ഥാൻ ടൈഗർ ഫോഴ്സിലെ കൊല്ലപ്പെട്ട ഹർദീപ് സിംഗ് നിജ്ജാർ എന്നിവരുൾപ്പെടെ കാനഡ ആസ്ഥാനമായുള്ള നിരവധി ഖാലിസ്ഥാൻ ഭീകരരുമായി ലാൻഡയ്ക്ക് അടുത്ത ബന്ധമുണ്ട്.