09 May 2024 Thursday

ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു; വിവിധ സ്ഥലങ്ങളില്‍ റെഡ് അലേര്‍ട്ട്

ckmnews


ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു. ദില്ലിയിലും പരിസര പ്രദേശങ്ങളിലും കാഴ്ച പരിധി 100 മീറ്ററില്‍ താഴെയാണ്. റോഡ് – റെയില്‍ – വ്യോമ ഗതാഗത്തെ മൂടല്‍ മഞ്ഞ് ബാധിച്ചു. കനത്ത മൂടൽമഞ്ഞിനെ തുടര്‍ന്ന് ദില്ലി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തുടര്‍ന്ന് നോയിഡയില്‍ രണ്ട് ദിവസത്തേക്ക് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

അതിശൈത്യവും കനത്ത മൂടല്‍മഞ്ഞും രാജ്യ തലസ്ഥാനത്തെ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. ദില്ലിയില്‍ ദിവസങ്ങളായി തുടരുന്ന പുകമഞ്ഞ് ഇപ്പോള്‍ രൂക്ഷമായിരിക്കുകയാണ്. നോയിഡ ഗുരുഗ്രാം മേഖലകളില്‍ ഇതുമൂലം വായു മലിനീകരണം വര്‍ദ്ധിച്ചിട്ടുണ്ട്. കാഴ്ചാ പരിതി കുറഞ്ഞത് റോഡ് ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചു.

വാഹനങ്ങള്‍ അമിതവേഗത ഒഴിവാക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ദില്ലിയിലെ താപനില അഞ്ചു ഡിഗ്രിയില്‍ എത്തുന്ന സാഹചര്യം ഈ ആഴ്ച ഉണ്ടായി. ജനുവരി പകുതിയോടെ മാത്രമേ താപനിലയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകൂ എന്നാണ് കാലാവസ്ഥാ മന്ത്രാലയം നല്‍കുന്ന സൂചന.