09 May 2024 Thursday

പൂഞ്ച് ഭീകരാക്രമണം: തീവ്രവാദികൾ ഉപയോഗിച്ചത് യുഎസ് നിർമ്മിത റൈഫിൾ, ചിത്രങ്ങൾ പുറത്ത്

ckmnews


പൂഞ്ച് ഭീകരാക്രമണത്തിൽ തീവ്രവാദികൾ ഉപയോഗിച്ചത് യുഎസ് നിർമിത റൈഫിൾ. ആക്രമണം നടന്ന സ്ഥലത്തു നിന്നുള്ള ചിത്രങ്ങൾ പുറത്തുവിട്ട് ലഷ്കർ-ഇ-തൊയ്ബയുടെ (LeT) വിഭാഗമായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് (PAFF). വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു.


സമൂഹ മാധ്യമങ്ങൾ വഴിയാണ് PAFF ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്. യുഎസ് നിർമ്മിത അത്യാധുനിക M4 കാർബൈൻ റൈഫിൾ ചിത്രത്തിൽ കാണാം. 1980-കളിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ വികസിപ്പിച്ചെടുത്ത ഭാരം കുറഞ്ഞതും ഗ്യാസ് ഓപ്പറേറ്റഡ് കാർബൈനാണ് M4 കാർബൈൻ. കൃത്യവും വിശ്വസനീയവും യുദ്ധ സാഹചര്യങ്ങൾക്ക് യോജിച്ചവായുമാണ് ഇവ.


സൈനിക, നിയമ നിർവ്വഹണ ഉദ്യോഗസ്ഥർ ഏറ്റവും കൂടുതൽ തെരഞ്ഞെടുക്കുന്ന ആയുധം കൂടിയാണ് ഈ റൈഫിൾ. ഇതാദ്യമായല്ല ഭീകരരിൽ നിന്ന് M4 കാർബൈൻ പിടികൂടുന്നത്. 2016 മുതൽ കൊല്ലപ്പെട്ട ജെയ്‌ഷെ മുഹമ്മദ് ഭീകരരിൽ നിന്ന് ഇവ കണ്ടെടുത്തിട്ടുണ്ട്. നേരത്തെ പൂഞ്ച് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു. ഭീകരർക്കായി സൈന്യം തെരച്ചിൽ തുടരുകയാണ്.