09 May 2024 Thursday

വിവാദമായ സിഇസി ബില്‍ ലോക്‌സഭയും കടന്നു; ഇനി തെരഞ്ഞെടുപ്പ് കമ്മിഷനെ നിശ്ചയിക്കുന്ന കമ്മിറ്റിയില്‍ ചീഫ് ജസ്റ്റിസിന് പകരമുണ്ടാകുക കേന്ദ്രമന്ത്രി

ckmnews


മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടേയും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടേയും നിമയനവുമായി ബന്ധപ്പെട്ട സിഇസി ബില്‍ ലോക്‌സഭയും കടന്നു. ഏറെ വിവാദമായ ഈ ബില്‍ ഈ മാസത്തിന്റെ തുടക്കത്തില്‍ രാജ്യസഭയും പാസാക്കിയിരുന്നു. രാജ്യസഭയില്‍ ബില്‍ എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപ്പോയിരുന്നു. രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മിഷനിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വിശദീകരിക്കുന്നതാണ് സിഇസി ബില്‍. തെരഞ്ഞെടുപ്പ് കമ്മിഷനെ നിശ്ചയിക്കാനുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ നീക്കി പകരം കേന്ദ്രമന്ത്രിയെ ഉള്‍പ്പെടുത്തുന്ന വ്യവസ്ഥയുള്ള ഈ ബില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നതാണ്.


തെരഞ്ഞെടുപ്പ് കമ്മിഷനെ നിമയിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രിംകോടതി നിര്‍ദേശങ്ങളുടെ ലംഘനമാണ് നിയമമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രിംകോടതി ചീഫ് ജസ്റ്റിസും അടങ്ങിയ കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷണറെ തെരഞ്ഞെടുക്കുമെന്നായിരുന്നു സുപ്രിംകോടതി നിര്‍ദേശം. തെരഞ്ഞെടുപ്പ് കമ്മിഷണറെ തെരഞ്ഞെടുക്കുന്നതില്‍ പരമാവധി സുതാര്യത ഉറപ്പുവരുത്താനായിരുന്നു കോടതിയുടെ ഈ നിര്‍ദേശം. പുതിയ ബില്‍ ഈ സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ നീക്കം ചെയ്യുന്നതാണ്. തങ്ങളുടെ പ്രവര്‍ത്തന കാലയളവില്‍ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മിഷണറുമാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് കോടതികളെ പുതിയ ബില്‍ വിലക്കുന്നുവെന്നതാണ് മറ്റൊരു സുപ്രധാന ഭേദഗതി.