09 May 2024 Thursday

തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു; 10 മരണം, 17000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

ckmnews



ചെന്നൈ: തെക്കൻ തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു. തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. തെക്കൻ തമിഴ്നാട്ടിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മഴക്കെടുതിയിൽ 10 പേർ മരിച്ചു. മരണപ്പെട്ടവരിൽ ഏഴുപേർ തിരുനെൽവേലി ജില്ലയിലും മൂന്നു പേർ തൂത്തുക്കുടി ജില്ലയിൽ നിന്നുള്ളവരുമാണെന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ മാധ്യമങ്ങളെ അറിയിച്ചു.

മഴ കടുത്ത സാഹചര്യത്തിൽ 160 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 17,000 പേരെ ഈ ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിച്ചിട്ടുണ്ടെന്നും തമിഴ്‌നാട് ചീഫ് സെക്രട്ടറി അറിയിച്ചു. 34,000 ഭക്ഷണ പാക്കറ്റുകൾ ആളുകൾക്ക് വിതരണം ചെയ്തുവെന്നും ജലനിരപ്പ് കുറയാത്തതിനാൽ ചില സ്ഥലങ്ങളിൽ ഇപ്പോഴും എത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ ഒമ്പത് ഹെലികോപ്റ്ററുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒരുക്കിയിട്ടുണ്ടെന്നും ഒരു ഹെലികോപ്റ്റർ കൂടി രക്ഷാപ്രവർത്തനനത്തിനായി ഒരുക്കാനുള്ള ശ്രമങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.

മഴയെ തുടർന്ന് തെക്കൻ ജില്ലകളിൽ വൻ നാശനഷ്ടമുണ്ടായെന്നും കേന്ദ്ര സഹായം തേടിയിട്ടുണ്ടെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. 7,300 കോടി രൂപയുടെ അടിയന്തര കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ദുരിതബാധിതരായ ജില്ലകളിലെ ഓരോ ഓരോ കുടുംബത്തിനും 6,000 രൂപ വീതമുള്ള ദുരിതാശ്വാസ വിതരണം ആരംഭിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ഫണ്ട് പൂർണമായും അനുവദിച്ചാൽ മാത്രമേ പൂർണമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുകയുളളുവെന്നും അദ്ദേഹം പറഞ്ഞു. തെക്കൻ ജില്ലകളിലെ നാശനഷ്ടങ്ങളുടെ വ്യാപനത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ഇന്ന് രാത്രി നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിക്കുമെന്നും എം കെ സ്റ്റാലിൻ അറിയിച്ചു.

തമിഴ്‌നാട്ടിലെ വെള്ളപ്പൊക്ക ബാധിത തെക്കൻ ജില്ലകളിലെ നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി തമിഴ്‌നാട് ഗവർണർ ആർഎൻ രവിയുടെ നേതൃത്വത്തിൽ കേന്ദ്ര ഏജൻസികളുടെയും സായുധ സേനയുടെയും മുതിർന്ന ഉദ്യോഗസ്ഥരുമായി ഒരു അവലോകന യോഗം ചേർന്നു. ഏകോപനത്തിലെ തകരാറും ദുരിതബാധിത ജില്ലകളിലെ സ്ഥിതിഗതികളെക്കുറിച്ചുളള അപര്യാപ്തമായ വിലയിരുത്തലും കാരണം സൈനിക വിന്യാസത്തിന് എവിടെ മുൻഗണന നൽകണമെന്നതിൽ വ്യക്തതയില്ലെന്ന് രാജ്ഭവനിൽ നടന്ന അവലോകന യോഗത്തിൽ ചില സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചു.

അതേസമയം ഡിസംബർ 20 ബുധനാഴ്ച തിരുനെൽവേലി ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചതായും തിരുനെൽവേലി ജില്ലാ കളക്ടർ അറിയിച്ചു.