09 May 2024 Thursday

'ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തി; മരിക്കാൻ അനുവദിക്കണം'; വനിതാ ജഡ്ജിയുടെ കുറിപ്പിൽ റിപ്പോർട്ട് തേടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ckmnews


ന്യൂഡൽഹി: ജില്ലാ ജഡ്ജിയിൽ നിന്ന് ലൈംഗികാതിക്രമത്തിന് ഇരയായെന്നും മരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വനിതാ ജഡ്ജി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വിഷയത്തിൽ റിപ്പോർട്ട് തേടി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തിയെന്നും അന്തസ്സോടെ ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണം എന്നുമാണു ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിലെ വനിതാ സിവിൽ ജഡ്ജി ആവശ്യപ്പെട്ടത്.


‘‘എല്ലാ സീമകളും ലംഘിക്കപ്പെട്ടു. താൻ ലൈംഗികാതിക്രമത്തിന് ഇരയായി. രാത്രിയിൽ വന്നുകാണാൻ ജില്ലാ ജഡ്ജി തന്നോട് പറഞ്ഞു. തന്നെ ഒരു മാലിന്യം പോലെ കൈകാര്യം ചെയ്തു. ആവശ്യമില്ലാത്ത ഒരു പ്രാണിയെപ്പോലെയാണു തനിക്ക് തോന്നുന്നത്. ജീവിക്കാൻ തനിക്ക് ഒരു ആഗ്രഹവുമില്ല. ആത്മാവും ജീവിതവും ഇല്ലാത്ത ശരീരത്തെ ചുമക്കുന്നതിൽ ഒരു അർത്ഥവുമില്ല. ജീവിതത്തിൽ ഒരു ലക്ഷ്യവും ഇനിയില്ല’’- രണ്ടു പേജുള്ള കത്തിൽ വനിതാ ജഡ്ജി കുറിച്ചു.

വനിതാ ജഡ്ജിയുടെ പരാതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരം അലഹബാദ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് സുപ്രീംകോടതി സെക്രട്ടറി ജനറൽ അതുൽ എം കുരേക്കർ കത്തെഴുതി.


2023 ജൂലൈയിൽ ഹൈക്കോടതിയിലെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയിൽ താൻ പരാതി നൽകിയിരുന്നെന്നും എന്നാൽ അന്വേഷണം പ്രഹസനമായിരുന്നെന്നും ജഡ്ജിയുടെ പരാതിൽ പറയുന്നു. ജില്ലാ ജഡ്ജിയുടെ കീഴിലുള്ള ഉദ്യോഗസ്ഥരാണ് സാക്ഷികളായിട്ടുള്ളത്. തങ്ങളുടെ മേലധികാരിക്ക് എതിരെ ഉദ്യോഗസ്ഥർ സാക്ഷി പറയുമെന്ന് കമ്മിറ്റി പ്രതീക്ഷിച്ചത് തന്റെ ബോധ്യത്തിനും അപ്പുറത്താണെന്നും വനിതാ ജഡ്ജി കുറിപ്പിൽ പറയുന്നു.

അന്വേഷണം നീതിപൂർവം പൂർത്തിയാക്കാൻ വേണ്ടി ജില്ലാ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ വെറും എട്ട് സെക്കന്റുകൾക്കുള്ളിൽ സുപ്രംകോടതി അപേക്ഷ തള്ളിയെന്നും വനിതാ ജഡ്ജി കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.