09 May 2024 Thursday

എൻജിനീയർ മുതൽ ഇ-റിക്ഷാ ഡ്രൈവർ വരെ; പാർലമെന്റിൽ അതിക്രമം കാണിച്ച പ്രതികൾ ആറുപേരും വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നുള്ളവർ

ckmnews



എൻജിനീയർ മുതൽ ഇ-റിക്ഷാ ഡ്രൈവർ വരെയുണ്ട് കഴിഞ്ഞ ദിവസം പാർലമെന്റിൽ അതിക്രമം കാണിച്ചതിനു പിന്നിൽ. ഇവരിൽ പിടിയിലായ യുവതിക്ക് ഉന്നത വിദ്യാഭ്യാസമുണ്ട്. പ്രതികളിൽ നാലാമൻ ബിരുദധാരിയാണ്.

ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ഖാസോ ഖുർദ് സ്വദേശിനിയാണ് പ്രതികളിൽ ഒരാളായ നീലം എന്ന യുവതി. വയസ് 32. പിതാവിന് മധുരപലഹാരക്കടയുണ്ട്. സഹോദരങ്ങൾക്ക് ക്ഷീര വിൽപ്പനയാണ്. എംഎ, എംഎഡ്, എംഫിൽ ബിരുദങ്ങളും നെറ്റും ഹരിയാന അധ്യാപക പരീക്ഷ യോഗ്യതയും നേടിയിട്ടുണ്ട് നീലം. ഹരിയാന അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്നു. നാട്ടിൽ വിപ്ലവനായിക എന്നാണ് നീലം അറിയപ്പെടുന്നത്. തൊഴിലുറപ്പു തൊഴിലാളികളെ സംഘടിപ്പിച്ചായിരുന്നു തുടക്കം. 2015ൽ വീടിൻ്റെ മുകൾ നിലയിൽ നിന്ന് വീണ് നട്ടെല്ലിന് പരുക്കേറ്റതാണ്. കർഷക സമരത്തിലും ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിലും സജീവമായിരുന്നു. ഡൽഹിയിലേക്കുള്ള നീലത്തിന്റെ വരവ് വീട്ടുകാർ അറിഞ്ഞില്ല . വാർത്ത അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് വീട്ടുകാർ. ബിരുദങ്ങൾ ഏറെ നേടിയിട്ടും ജോലി കിട്ടാത്ത നിരാശ നീലത്തിനുണ്ടായിരുന്നെന്നും കുടുംബം പറഞ്ഞു.


മനോരഞ്ജൻ ഡി എന്ന 35കാരൻ എൻജിനീയറിംഗ് ബിരുദധാരിയാണ്. പുസ്തക വായനയാണ് ഹരം. അച്ഛനെ കൃഷിയിൽ സഹായിക്കുമായിരുന്നു. പാർലമെന്റിൽ കടക്കുക എന്ന ലക്ഷ്യത്തോടെ 3 മാസമായി മൈസൂർ എം പി പ്രതാപ് സിംഹയുടെ ഓഫീസ് കയറിയിറങ്ങി ബന്ധം സ്ഥാപിച്ചു. മകൻ ചെയ്തത് തെറ്റാണെങ്കിലും അവൻ നല്ലവനാണെന്നായിരുന്നു പിതാവിന്റെ പ്രതികരണം.


ഉത്തർപ്രദേശിലെ ലഖ്നോ രാംനഗർ സ്വദേശിയാണ് സാഗർ ശർമ. വയസ് 28. പ്ലസ് ടു വരെ വിദ്യാഭ്യാസം. ഇ- റിക്ഷ ഓടിക്കാറുണ്ട്. അച്ഛൻ തടിപ്പണിക്കാരൻ. വർഷങ്ങളായി വാടക വീട്ടിൽ താമസം. ഡൽഹിയിൽ പ്രതിഷേധ സമരമുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതാണെന്ന് കുടുംബം പറയുന്നു.


നാലാമൻ അമോൽ ധൻരാജ് ഷിൻഡെ. വയസ് 25. മഹാരാഷ്ട്രയിലെ ലത്തൂർ സ്വദേശി. ബിരുദധാരി. ഡൽഹിയിൽ സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റ് റാലിയുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതാണെന്ന് കുടുംബം.

കേസിൽ പ്രതികളായ ലളിത് ഝാ ബിഹാർ സ്വദേശിയാണ്. പ്രതികൾ താമസിച്ച ഗുരു ഗ്രാമിലെ വീട് വിക്കി ശർമ എന്നയാളുടേതാണ്. സെക്യൂരിറ്റിയായും ഡ്രൈവറായുമൊക്കെ ജോലി ചെയ്യാറുള്ള വിക്കി ഭാര്യയുമായി വഴക്കിടുക പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഇങ്ങനെ വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നുള്ളവരും ,വ്യത്യസ്ത സ്വഭാവക്കാരുമായ ഇവർ എങ്ങനെ ഒരുമിച്ചു , ആരാണ് പിന്നിൽ എന്നൊക്കെയാണ് അന്വേഷണ സംഘം തിരയുന്നത്.