09 May 2024 Thursday

രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തോൽവി; ദക്ഷിണാഫ്രിക്കൻ ജയം ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം

ckmnews

രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തോൽവി; ദക്ഷിണാഫ്രിക്കൻ ജയം ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം


ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാംമത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പുനര്‍നിര്‍ശ്ചയിച്ച മത്സരത്തിൽ 15 ഓവറില്‍ 152 റണ്‍സ് എന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തില്‍ 13.5 ഓവറില്‍ മറികടന്നു.

ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0 ത്തിന് മുന്നിലെത്തി. ആതിഥേയർക്ക് വേണ്ടി റീസ ഹെൻഡ്രിക്സ് 27 പന്തില്‍ 49 റണ്‍സ് നേടി. ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം 17 പന്തില്‍ 30 റണ്‍സും മാത്യു ബ്രിയറ്റ്‌സ്‌ക ഏഴ് പന്തില്‍ 16 റണ്‍സും നേടി.ഡേവിഡ് മില്ലർ 12 പന്തില്‍ 17 റണ്‍സും ട്രിസ്റ്റന്‍ സ്റ്റബ്‌സ് 12 പന്തില്‍ 14 റണ്‍സും നേടി. 13ാം ഓവറിലെ അഞ്ചാം പന്തില്‍ ജഡേജയെ സിക്സ് പറത്തിയാണ് ആൻഡിൽ ഫെഹ്ലുക്വായോ ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. ഇന്ത്യക്ക് വേണ്ടി മുകേഷ് കുമാര്‍ രണ്ടും മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുവീതവും നേടി.നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.3 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സില്‍ നില്‍ക്കെ മഴ കളി തടസപ്പെടുത്തി. ഇതോടെ ഡക്ക്‌ വര്‍ത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 15 ഓവറില്‍ 152 റണ്‍സായി പുനര്‍നിശ്ചയിച്ചു.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും റിങ്കു സിങ്ങിന്റെയും അര്‍ധ സെഞ്ചുറി ഇന്നിങ്സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. 39 പന്തില്‍ നിന്ന് രണ്ട് സിക്സും 9 ഫോറുമടക്കം 68 റണ്‍സെടുത്ത റിങ്കു സിങ് പുറത്താകാതെ നിന്നു.ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളിനെയും (0) ശുഭ്മാന്‍ ഗില്ലിനെയും (0) ഇന്ത്യയ്ക്ക് നഷ്ടമായി. മൂന്നാം വിക്കറ്റില്‍ തിലക് വര്‍മ - സൂര്യകുമാര്‍ സഖ്യം 49 റണ്‍സ് കൂട്ടിച്ചേർത്തു. പിന്നാലെ 20 പന്തില്‍ നിന്ന് 29 റണ്‍സുമായി തിലക് മടങ്ങി. നാലാം വിക്കറ്റില്‍ ക്യാപ്റ്റനൊപ്പം റിങ്കു സിങ് ചേര്‍ന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. ഇരുവരും അതിവേഗം 70 റണ്‍സ് ചേര്‍ത്തു. 36 പന്തില്‍ നിന്ന് 3 സിക്സും 5 ഫോറുമടക്കം 56 റണ്‍സെടുത്ത സൂര്യയെ മടക്കി തബ്രൈസ് ഷംസിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 19 റണ്‍സെടുത്ത രവീന്ദ്ര ജഡേജ, റിങ്കുവിന് പിന്തുണ നല്‍കിയതോടെ സ്‌കോര്‍ 180ല്‍ എത്തി.

ദക്ഷിണാഫ്രിക്കയ്ക്കായി ജെറാള്‍ഡ് കോട്ട്സി 3 വിക്കറ്റ് വീഴ്ത്തി.