09 May 2024 Thursday

നിമിഷ പ്രിയയുടെ മോചനം: അമ്മ പ്രേമകുമാരിക്ക് യെമനിലേക്ക് പോകാൻ അനുമതി

ckmnews


യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിക്ക് യെമനിലേക്ക് പോകാൻ അനുമതി. ഡൽഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്. തുടർനടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ഹൈക്കോടതി നിർദേശിച്ചു.

മകളെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ നൽകിയ ഹർജിയിലാണ് ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ്. മകളുടെ ജീവൻ രക്ഷിക്കാൻ പോകാൻ അനുമതി തേടുമ്പോൾ മന്ത്രാലയം അത് തടയുന്നത് എന്തിനാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് ചോദിച്ചു. അതേസമയം നിമിഷ പ്രിയയുടെ അമ്മ സ്വന്തം ഉത്തരവാദിത്തത്തിലാണ് യാത്ര ചെയ്യുന്നതെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.


യാത്രാ തീയതിയും ഇന്ത്യയിലേക്ക് മടങ്ങുന്ന തീയതിയും അറിയിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. സനയിലെ എയര്‍ലൈന്‍ സിഇഒ ആയി ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ സാമുവല്‍ ജെറോമിനൊപ്പമാണ് പ്രേമകുമാരി യെമനിലേക്ക് പോകുക. പണത്തിന് പകരമായി ജീവന്‍ രക്ഷിക്കുന്ന രക്തപ്പണം നല്‍കാന്‍ കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി ചര്‍ച്ച ചെയ്യാന്‍ ജെറോം സഹായിക്കും. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയയെ വധശിക്ഷക്ക് വിധിച്ചിരിക്കുന്നത്.